pala-

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിന്റെ കാര്യത്തിൽ ആശങ്കയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പറയുന്ന ചിഹ്നത്തിൽ മത്സരിക്കുമെന്നും പാലായിൽ കെ.എം. മാണിയുടെ ചിത്രംവച്ച് മത്സരിച്ചാലും ജയം ഉറപ്പാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

രണ്ടില ചിഹ്നത്തിൽ മത്സരിക്കണമെന്ന് ഒരു വാശിയുമില്ല. രണ്ടില ചിഹ്നം ലഭിക്കാൻ ആരുടെ മുന്നിലും തലകുനിക്കാൻ പാർട്ടി തയ്യാറല്ല. കെ.എം മാണിയുടെ പിന്തുടർച്ച ആർക്കാണെന്ന് പാലായിലെ വോട്ടർമാ‌ർ തീരുമാനിക്കും. അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും തനിക്ക് യോഗ്യതയില്ലെന്നും ജോസ് ടോം പറഞ്ഞു.

കെ.എസ്.സിയിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജോസ് ടോം പുലിക്കുന്നേൽ മാണി കുടുംബത്തിന്റെ വിശ്വസ്തനും മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമാണ്. പാലാ ബാറിലെ അഭിഭാഷകനായ അദ്ദേഹം മീനച്ചിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്.