ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ഗ്രാൻഡ് ഐ10ന്റെ പുത്തൻ പതിപ്പാണ് കഴിഞ്ഞമാസം ഇന്ത്യൻ നിരത്തിൽ വരവറിയിച്ച 'നിയോസ്". ഐറിഷ് ഭാഷയിൽ നിയോസ് എന്നതിന് അർത്ഥം 'കൂടുതൽ" എന്നാണ്. പേര് സൂചിപ്പിക്കും പോലെ, കൂടുതൽ മികവുകളാൽ സമ്പന്നമാണ് നിയോസ്.
ഇന്ത്യൻ വാഹന വിപണിയുടെ പാതിയോളം കൈയാളുന്ന കോംപാക്‌റ്റ് ഹാച്ച്ബാക്ക് വിഭാഗത്തിലാണ് നിയോസിന്റെ അവതരണം. ആരെയും ആകർഷിക്കുന്ന, സ‌്‌റ്റൈലിഷ് ലുക്ക് സമ്മാനിച്ചാണ് നിയോസിനെ ഹ്യുണ്ടായ് ഒരുക്കിയിരിക്കുന്നത്. മുന്നിലെ ഹെക്‌സഗണൽ ഗ്രില്ലിൽ ബൂമറാംഗ് ശൈലിയിൽ രണ്ട് എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ കാണാം. അതൊരു പുതമ തന്നെയാണ്. പ്രൊജക്‌റ്റർ ഹെഡ്‌ലാമ്പ്, പുതിയ എൽ.ഇ.ഡി ഫോഗ്‌ലാമ്പുകൾ, വ്യത്യസ്‌തമായ അലോയ് വീലുകൾ എന്നിവ കൂടി ചേരുമ്പോൾ നിയോസിന് മികച്ച അഴക് ലഭിക്കുന്നുണ്ട്.
നാല് മീറ്ററിൽ താഴെയാണ് നിയോസിന്റെ നീളം. 2.4 മീറ്റർ വീൽബെയ്‌സ്, അകത്തളത്തെ വിശാലമാക്കുന്നു. അഞ്ചു മുതിർന്നവർക്ക് നിയോസിൽ സുഖയാത്ര ചെയ്യാം. ഡ്യുവൽ ടോൺ നിറഭേദവുമായി അകത്തളം ഒരു 'ഫ്രഷ് ഫീൽ" നൽകുന്നുണ്ട്. എട്ടിഞ്ച് ഇൻഫോടെയ്‌ൻമെന്റ് ടച്ച്‌സ്‌ക്രീൻ, രണ്ട് യു.എസ്.ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് മൊബൈൽ ചാർജിംഗ്, ക്രമീകരിക്കാവുന്ന സ്‌റ്റിയറിംഗും ഡ്രൈവർ സീറ്റും എന്നിങ്ങനെയും ആകർഷണങ്ങൾ ധാരാളം.
ഇറ, മാഗ്‌ന, സ്‌പോർട്‌സ്, ആസ്‌റ്റ എന്നീ വേരിയന്റുകളാണുള്ളത്. പെട്രോളിലും ഡിസലിലും 1.2 ലിറ്റർ എൻജിൻ വകഭേദങ്ങളാണുള്ളത്. ഗിയർ ട്രാൻസ്‌മിഷൻ 5-സ്‌പീഡ് മാനുവൽ. ഇരുവിഭാഗത്തിലും എ.എം.ടി വേരിയന്റുകളുമുണ്ട്. 83 പി.എസ് കരുത്താണ് പെട്രോൾ എൻജിന്. ഡീസലിന് 74 ബി.എച്ച്.പി. പെട്രോൾ എൻജിൻ ലിറ്രറിന് 20.7 കിലോമീറ്ററും എ.എം.ടിയിൽ 20.2 കിലോമീറ്ററും മൈലേജ് അവകാശപ്പെടുന്നു. ഡീസൽ പതിപ്പുകളുടെ വാഗ്‌ദാനം 26.2 കിലോമീറ്രർ.
മികച്ച പെർഫോമൻസ് നടത്തുന്ന എൻജിനുകളാണ് ഇവയെന്നത് വിപണിയിൽ ഹ്യുണ്ടായ്ക്ക് നേട്ടമാകും. ഡ്യുവൽ എയർബാഗുകൾ, എ.ബി.എസ്., റിയർ പാർക്കിംഗ് സെൻസർ, മികച്ച ബൂട്ട്‌സ്‌പേസ് തുടങ്ങിയ മികവുകളുമുണ്ട്. 4.99 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.