കുണ്ടറ: കടകളിൽ കയറിയിറങ്ങി പണം തട്ടിയെടുക്കാൻ ശ്രമിച്ച ഇറാനിയൻ യുവദമ്പതികൾ കുണ്ടറ പൊലിസിന്റെ പിടിയിലായി. ചന്ദനത്തോപ്പിൽ തട്ടിപ്പ് നടത്തി രക്ഷപ്പെടാൻ ശ്രമിക്കവേ കടയുടമയും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. ആമിർ കാമ്യാബി (27), നസറിൻ കാമ്യാർ (20) എന്നിവരാണ് പിടിയിലായത്.
പൊലിസ് പറയുന്നത്: ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ചന്ദനത്തോപ്പിലെ യാസിം ട്രേഡിംഗ് കടയിലെത്തിയ ഇരുവരും സോപ്പ് വാങ്ങിയശേഷം 50 രൂപ നല്‍കി. കടയുടമ അബ്ദുൽ വഹാബ് 30 രൂപ ബാക്കിയും നല്‍കി. ഉടമയെ ഇറാനിയൻ കറൻസിയും ഡോളറും കാട്ടിയശേഷം ഇന്ത്യൻ കറൻസികൾ കാണണമെന്ന് ആവശ്യപ്പെട്ടു. 100, 200 നോട്ടുകൾ കാട്ടിയപ്പോൾ 2000 രൂപയുടെ നോട്ടുകൾ കാണണമെന്നായി. വഹാബ് കൈവശമുണ്ടായിരുന്ന 45000 രൂപയുടെ 2000, 500 നോട്ടുകൾ കാണിച്ചു. പരിശോധിക്കാനെന്ന വ്യാജേന നോട്ടുകൾ വാങ്ങിയ നസറിൻ ഏതാനും നോട്ടുകൾ തന്റെ പഴ്‌സിലേക്ക് തിരുകിയശേഷം ബാക്കി തിരികെ നൽകി. സംശയം തോന്നിയ വ്യാപാരി ഇവരുടെ പണവും പഴ്‌സും പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പണവുമായി പുറത്തേക്കോടിയ ഇറാനികളെ കടയുടമ പിന്തുടർന്നു. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും തടഞ്ഞുവച്ചശേഷം കുണ്ടറ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. കേസ് രജിസ്റ്റർചെയ്തശേഷം രാത്രിയിൽ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ടയിലും സമാനരീതിയിൽ ഇറാൻ സ്വദേശി തട്ടിപ്പുനടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡൽഹി സ്വദേശി അലിയെന്ന സുഹൃത്തിന്റെ ഡൽഹി രജിസ്‌ട്രേഷനുള്ള ഫോർഡ് ഫിയസ്റ്റ കാറിലാണ് ഇരുവരും കടകളിൽ എത്തുന്നത്. തട്ടിപ്പുനടത്താനായി കയറിയെന്ന് സംശയിക്കുന്ന കടകളിൽ നിന്ന് വാങ്ങിക്കൂട്ടിയ ഗോതമ്പുപൊടിയും മുളകുപൊടിയുമടക്കമുള്ള സാധനങ്ങൾ കാറിൽ കൂട്ടിയിട്ടിട്ടുണ്ട്.