കോട്ടയം: പാലായിൽ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർത്ഥിയാക്കിയ യു.ഡി.എഫ് തീരുമാനം അംഗീകരിക്കുന്നുവെന്ന് പി.ജെ.ജോസഫ്. യു.ഡി.എഫ് നേതാക്കൾ നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പി.ജെ.ജോസഫ് ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്തത്. എന്നാൽ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന്റെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
സ്ഥാനാർത്ഥി രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ ആ പ്രശ്നം ഉദിക്കുന്നില്ലെന്നാണ് പി.ജെ. ജോസഫ് പറയുന്നത്.
രണ്ടില ചിഹ്നത്തിലേ മത്സരിക്കൂ എന്ന് നിർബന്ധമില്ലെന്നാണ് ജോസ് ടോം പറഞ്ഞത്. ചിഹ്നത്തിന്റെ കാര്യം യു.ഡി.എഫ് തീരുമാനിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനും തയ്യാറാണെന്നാണ് ജോസ് ടോം പുലിക്കുന്നേൽ പറഞ്ഞത്.
നിയമപ്രശ്നങ്ങള്‍ പരിശോധിച്ചശേഷം ചിഹ്നം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.