msf

പേരാമ്പ്ര: പേരാമ്പ്ര സിൽവർ കോളേജിൽ എം.എസ്.എഫ് പ്രവർത്തകർ പാക് സാമ്യമുള്ള പതാക ഉയർത്തിയ സംഭവത്തിൽ അന്വേഷണം നടത്തമെന്ന് എസ്.എഫ്.ഐ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സംഭവം നടക്കുന്നത്. പാകിസ്ഥാനോട് സാമ്യമുള്ള പതാക ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും എസ്.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

സംഭവത്തിൽ 30 എം.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം രാജ്യവ്യാപകമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. ആർ.എസ്.എസും അവരുടെ ഫ്രിഞ്ച് ഗ്രൂപ്പുകളും കേരളത്തെ ന്യൂനപക്ഷ വർഗീയതയുടെ ഭൂമിയായി ചിത്രീകരിക്കാനും, രാജ്യസ്നേഹമില്ലാത്ത പാകിസ്ഥാൻ പ്രേമികളാണ് കേരളീയരും കേരളത്തിലെ മുസ്ലിം ജനവിഭാഗവും എന്ന് വരുത്തിത്തീർക്കാനും ശ്രമിക്കുന്നുണ്ടെന്നും എസ.എഫ്.ഐ വ്യക്തമാക്കി.

എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ കുറിപ്പ്

എം.എസ്.എഫ് പ്രവർത്തകർ പാക്കിസ്ഥാനോട് സാമ്യമുള്ള പതാക ഉപയോഗിച്ചത് ഗുരുതരമായ വീഴ്ച, അന്വേഷിക്കണം.

കോഴിക്കോട്:- പേരാമ്പ്ര സിൽവർ കോളേജിൽ, യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എം.എസ്.എഫ് പ്രവർത്തകർ പാക്കിസ്ഥാൻ പതാകയോട് സാമ്യമുള്ള പതാക ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയാണ്. രാഷ്ട്രീയ ബോധമില്ലാത്ത, തങ്ങളുടെ അടയാളമായ കൊടി പോലും തിരിച്ചറിയാൻ സാധിക്കാത്ത ക്യാമ്പസ്സിലെ എം.എസ്.എഫ് പ്രവർത്തകർക്കുണ്ടായ വീഴ്ചയായാണ് പ്രസ്തുത സംഭവത്തെ പ്രാഥമികമായി എസ്.എഫ്.ഐ വിലയിരുത്തുന്നത്. എങ്കിലും മനഃപൂർവമായ ഇടപെടലുകൾ ഉണ്ടായോ എന്നത് കൃത്യമായി പരിശോധിക്കണം.

പ്രസ്തുത സംഭവം രാജ്യവ്യാപകമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. ആര്‍.എസ്.എസ്ഉം അവരുടെ ഫ്രിഞ്ച് ഗ്രൂപ്പുകളും കേരളത്തെ ന്യൂനപക്ഷ വർഗ്ഗീയതയുടെ ഭൂമിയായി ചിത്രീകരിക്കാനും, രാജ്യസ്നേഹമില്ലാത്ത പാക്കിസ്ഥാൻ പ്രേമികളാണ് കേരളീയരും കേരളത്തിലെ മുസ്ലിം ജനവിഭാഗവും എന്ന് വരുത്തിത്തീർക്കാനും പ്രസ്തുത സംഭവം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലടക്കം ഏറ്റെടുത്ത വിഷയം പാക്കിസ്ഥാനിൽ പോലും പ്രചരിക്കപ്പെട്ടു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.


രാജ്യം കാശ്മീർ വിഷയത്താൽ കത്തിനിൽക്കുന്ന ഈ സന്ദർഭത്തിൽ, രാജ്യത്തെ മുസ്ലിം ജനവിഭാഗത്തെ തീവ്രവാദികളാക്കാനും, അവരുടെ പൗരത്വം റദ്ദ് ചെയ്യാനും കൊണ്ടുപിടിച്ച ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ സംഘപരിവാറിന് സാമൂഹിക ദ്രുവീകരണം നടത്താൻ കൂടുതൽ എണ്ണ ഒഴിച്ചു കൊടുക്കുന്ന പണിയാണ് എം.എസ്.എഫ് ന്റെ ഭാഗത്ത് നിന്നുണ്ടായത്.

വീഴ്ച ഏറ്റെടുത്ത് എം.എസ്.എഫ് നേതൃത്വം നാടിനോട് മാപ്പ് പറയണമെന്നും, സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.