ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്
തിരുവനന്തപുരം : ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്നുരാവിലെ ഒൻപത് മണിമുതൽ കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ എയ്ക്ക് ഇന്നുംകൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
47 ഒാവറായി വെട്ടിച്ചുരുക്കിയ ആദ്യമത്സരത്തിൽ 69 റൺസിനും 21 ഒാവറായി ചുരുക്കിയ രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിനുമായിരുന്നു രാഹുൽ ദ്രാവിഡിന്റെ ശിഷ്യരുടെ വിജയം. ഇന്നും മഴ ഭീഷണിയുണ്ട്. പരമ്പരയിലെ അവസാന മത്സരങ്ങൾ ഇൗമാസം നാലിനും ആറിനും ഇതേ വേദിയിൽ നടക്കും. കാണികൾക്ക് രാവിലെ 8.30 മുതൽ നാലാം നമ്പർ ഗേറ്റിലൂടെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
ധവാൻ എ ടീമിൽ
പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യ എ ടീമിൽ സീനിയർ ഒാപ്പണർ ശിഖർ ധവാനെയും ഉൾപ്പെടുത്തി. പരിക്കേറ്റവിജയ് ശങ്കറിന് പകരമാണ് ധവാൻ എത്തുന്നത്. ലോകകപ്പിനിടെ പരിക്കേറ്റ ധവാൻ വിൻഡീസ് പര്യടനത്തിൽ മൂന്ന് ട്വന്റി 20 കളും രണ്ട് ഏകദിനങ്ങളും കളിച്ചിരുന്നുവെങ്കിലും 65 റൺസ് മാത്രമാണ് ആകെ നേടാനായത്. ഫോം വീണ്ടെടുക്കാനായാണ് ധവാനെ എ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളിതാരം സഞ്ജു സാംസണിനെയും അവസാന രണ്ട് ഏകദിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.