ഉല്ലാസത്തിനും ഉന്മേഷത്തിനും വ്യായാമത്തിനും വേണ്ടി നീന്തുന്നവരുണ്ട്. അറിഞ്ഞതിൽ കൂടുതലുണ്ട് നീന്തലിന് ഗുണങ്ങൾ. പേശീബലവും ശാരീരികക്ഷമതയും വർദ്ധിപ്പിക്കുന്നതിനൊപ്പം രോഗപ്രതിരോധവും നൽകുന്നു.
നീന്തുമ്പോൾ ശ്വാസകോശത്തിന്റെ ക്ഷമത വർദ്ധിക്കുന്നു. നീന്തലിനിടെ ഓരോതവണ ശ്വാസം അകത്തേക്കെടുക്കുമ്പോഴും കൂടുതൽ ഓക്സിജൻ ഉള്ളിലേക്കെത്തുന്നതാണ് കാരണം. ആസ്തമയുള്ളവർ നീന്തിക്കോളൂ, രോഗശമനവും ആരോഗ്യവും ഉറപ്പ്. നീന്തിയാൽ അമിതവണ്ണം അകന്ന് ആകാരസൗന്ദര്യം ലഭിക്കും. വേഗത്തിൽ നീന്തുന്നത് രക്തചംക്രമണം വേഗത്തിലാക്കി ഹൃദയത്തിന്റെ പമ്പിങ്ങ് കൂട്ടുന്നു. മാനസിക പിരിമുറുക്കവും ടെൻഷനും അകലും. മനസിന് ശാന്തതയും ക്ഷമയും ഏകാഗ്രതയും ലഭിക്കും.
നട്ടെല്ലിനും പുറത്തെ മസിലുകൾക്കും ശരിയായ വ്യായാമം നൽകുന്നതിനാൽ പുറംവേദന, നട്ടെല്ല് വേദന എന്നിവയുള്ളവർ മലർന്ന് നീന്തൽ പരിശീലിക്കുക. കഴുത്ത്, നെഞ്ച്, കൈകാലുകൾ എന്നിവ കരുത്തുള്ളതാകും. നീന്തുന്നവരുടെ ഹൃദയഭിത്തികൾക്ക് ആരോഗ്യം കൂടും. നീന്തൽ കൊളസ്ട്രോൾ അളവ് കുറയ്ക്കും. ശരീരം അയവും വഴക്കവുമുള്ളതാക്കി മാറ്റാനും സഹായിക്കും. ഓർക്കുക, ഭക്ഷണം കഴിച്ചയുടൻ നീന്തുന്നത് ആരോഗ്യകരമല്ല.