
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലെ ‘കുഞ്ഞാടെ നിന്റെ മനസിൽ’ എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. സന്തോഷ് വർമയുടെ വരികൾക്ക് ഫോർ മ്യൂസിക്സിന്റെതാണു സംഗീതം. ശങ്കർ മഹാദേവൻ, ബിബി മാത്യൂ ഫോർ മ്യൂസിക്സ്, സുൽഫിക്ക്, ദേവിക സൂര്യപ്രകാശ്, വൃന്ദ ഷമീക് ഘോഷ്, ഹരിത ബാലകൃഷ്ണൻ എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്.
ഒരുനാടിന്റെ ആഘോഷങ്ങളും സന്തോഷങ്ങളുമാണ് പ്രമേയം. മോഹൻലാലിന്റെയും സംഘത്തിന്റെയും മാർഗംകളിയാണു ഗാനത്തിന്റെ ഹൈലൈറ്റ്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം യൂട്യൂബിലെത്തി നിമിഷങ്ങൾക്കകം നിരവധിപേരാണു കണ്ടത്. സിദ്ദീഖ്, സലീം കുമാർ, ധർമജൻ ബോൾഗാട്ടി, കെ.പി.എ.സി ലളിത, രാധിക ശരത് കുമാർ എന്നിവരും ഗാനരംഗങ്ങളിൽ എത്തുന്നുണ്ട്.
ഹണി റോസാണ് ചിത്രത്തിലെ നായിക. നവാഗതരായ ജിബി, ജോജു എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. ഫാമിലി എന്റർ ടെയ്നറായാണു ചിത്രം എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഓണത്തിന് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തിയറ്ററിലെത്തും.