pala

കോട്ടയം: നിഷയെ ജോസഫ് വെട്ടിയാൽ പകരം ആര് സ്ഥാനാർത്ഥിയാകും? ഇന്നലെ പകൽ കോട്ടയത്തിനറിയേണ്ടത് അതായിരുന്നു. നിഷയ്ക്ക് വിജയസാദ്ധ്യതയില്ലെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നുമുള്ള നിലപാടിൽ ജോസഫ് ഉറച്ചു നിന്നതോടെ ചർച്ചകളെല്ലാം വഴിമുട്ടി.

ഇന്നലെ ഉച്ചയോടെ കോട്ടയത്തെത്തിയ മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണിയുമായി ഓർക്കിഡ് ഹോട്ടലിൽ ചർച്ച നടത്തിയ ശേഷം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം ഉന്നത യു.ഡിഎഫ് നേതാക്കളെ കാണാൻ ഡി.സി.സി ഓഫീസിലെത്തി. ഇതോടെ മദ്ധ്യസ്ഥശ്രമങ്ങളുടെ മണമടിച്ചു.

ആദ്യം പി.ജെ.ജോസഫും മോൻസ് ജോസഫും ജോയി എബ്രഹാമുമായി യു.ഡി.എഫ് നേതാക്കൾ ഒരു മണിക്കൂറോളം ചർച്ച ചെയ്തു. നിഷയെ മത്സരിപ്പിച്ചാൽ ചിഹ്നം നൽകില്ലെന്ന് ജോസഫും വ്യക്തമാക്കി. ചർച്ച നടന്ന രണ്ടാം നിലയിലെ ഹാളിൽ നിന്ന് പുറത്തിറങ്ങിയ ജോസഫ് 'നല്ല വിശപ്പുണ്ട് തട്ടു ദോശ കിട്ടുമോ"യെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിനോട് ചോദിച്ചു. ദോശ കഴിക്കാനായി ഒന്നാം നിലയിലെ മുറിയിലേക്ക് കയറി.

ഇതിന് ശേഷമായിരുന്നു ജോസ് വിഭാഗവുമായി യു.ഡി.എഫ് നേതാക്കളുടെ ചർച്ച .

നിഷയ്ക്കു പുറമേ പി.എസ്.സി അംഗം ലോപ്പസ് മാത്യൂ , ഫിലിപ്പ് കുഴികുളം, ജോസ് ടോം പുലിക്കുന്നേൽ എന്നീ പേരുകളായിരുന്നു തോമസ് ചാഴികാടൻ അദ്ധ്യക്ഷനായ ഏഴംഗസമിതി ചർച്ച ചെയ്തത് . ചാഴികാടൻ ന്യൂമോണിയ ബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നതിനാൽ ജോസ് കെ. മാണി അങ്ങോട്ട് ചെന്നു . ജോസഫ് അംഗീകരിക്കില്ലെന്നു വന്നതോടെ 99 ശതമാനം അംഗങ്ങളും പറഞ്ഞ നിഷയുടെ പേര് സമിതി വെട്ടി. ജോസഫിനെ സമ്മർദ്ദത്തിലാക്കാൻ ജോസഫ് പുറത്താക്കിയ ടോംജോസഫ് പുലിക്കുന്നേലിന്റെ പേര് സമിതി പ്രഖ്യാപിച്ചു.

ജോസഫ് പുറത്താക്കിയ 21 നേതാക്കളിൽ ഒരാളായ ടോം ജോസനെ ജോസഫ് എതിർത്തതോടെ സ്ഥാനാർത്ഥി നിർണയം രാത്രി എട്ടോടെ ആന്റീ ക്ലൈമാക്സിലായി.

എന്നാൽ ടോംജോസിന്റെ പേര് രാത്രി യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു . ഇടഞ്ഞു നിന്ന ജോസഫ് യു.ഡി.എഫ് നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി അവസാനം ജോസ് ടോമിന്റെ പേര് അംഗീകരിക്കുകയായിരുന്നു.

ഇനി ബാക്കി പാലായിലെ പാട്ടു മത്സരത്തിൽ .....