gold

കൊച്ചി : ചിങ്ങം പിറന്നതോടെ കേരളത്തിൽ വിവാഹസീസൺ ആരംഭിച്ചുവെങ്കിലും സ്വർണവിലയിലെ കുതിപ്പ് സന്തോഷം കെടുത്തിയിരിക്കുകയാണ്. അതേ സമയം ഓണസമയത്ത് വീമാനടിക്കറ്റിന് നിരക്ക് വർദ്ധന ഏർപ്പെടുത്തുന്നതിൽ വിമാനകമ്പനികളെല്ലാം ഒരേ വഴിക്ക് നീങ്ങിയതോടെ പ്രാവാസികളും കഷ്ടത്തിലായി. എന്നാൽ ദുബായിയിൽ നിന്നും സ്വർണം വാങ്ങി നാട്ടിലേക്ക് തിരിക്കുന്നവർക്ക് സന്തോഷിക്കാൻ വകയുണ്ട്. ഒരു പവന് കുറഞ്ഞത് 1800 രൂപയെങ്കിലും നാട്ടിലെ വിലയെക്കാളും ലാഭകരമായി വാങ്ങാനാവും. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവു നേട്ടമാക്കുന്നത് യഥാർത്ഥത്തിൽ പ്രവാസികളാണ്. ശമ്പളം കൂടാതെ തന്നെ നാട്ടിലേക്ക് കൂടുതൽ തുക അയക്കാൻ ഇതിലൂടെയാവും. വിസിറ്റിംഗ് വിസയിൽ ദുബായി സന്ദർശിക്കാനെത്തുന്നവരാണ് അവിടെ നിന്നും കൂടുതലായി സ്വർണം വാങ്ങി നാട്ടിലേക്കെത്താൻ താത്പര്യം കാണിക്കുന്നത്. കേരളത്തിലെ പ്രമുഖ ജുവലറികൾക്കെല്ലാം ഗൾഫ് നാടുകളിലും ഷോപ്പുകളുണ്ടെന്നതിനാൽ ഇവിടെ നിന്നും വാങ്ങുന്ന അതേ ഡിസൈനിലുള്ള സ്വർണാഭരണങ്ങൾ ഗൾഫിലും ലഭിക്കും.

gold

ആറുമാസം വിദേശത്തുകഴിഞ്ഞ ഇന്ത്യക്കാർക്ക് തിരികെ വരുമ്പോൾ പുരുഷൻമാർക്ക് അമ്പതിനായിരം രൂപയുടേയും സ്ത്രീകൾക്ക് ഒരുലക്ഷം രൂപയുടേയും സ്വർണം തീരുവ അടയ്ക്കാതെ കൊണ്ടുവരാനാവും. അതേ സമയം ആറുമാസത്തിനു മുകളിൽ വിദേശത്ത് കഴിഞ്ഞവർക്ക് ഒരു കിലോ സ്വർണം വരെ 12.5ശതമാനം തീരുവ അടച്ചു കൊണ്ടു വരാനാവും, മുൻപ് ഇങ്ങനെ കൊണ്ടുവരാൻ പത്തുശതമാനം തീരുവ അടച്ചാൽ മതിയായിരുന്നു.

തീരുവ ഉയർത്തി കള്ളക്കടത്തും കൂടി
ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ബഡ്ജറ്റിൽ ഉയർത്തിയതോടെ ഗൾഫ് രാജ്യത്തു നിന്നടക്കമുള്ള കള്ളക്കടത്ത് ഉയരുന്നതിനും സാദ്ധ്യത കൂടിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കിലോ സ്വർണം ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് കടത്തുന്നവർക്ക് രണ്ടരലക്ഷത്തിനു മുകളിലാണ് മാർജിനായി ലഭിക്കുന്നത്. തീരുവ ഉയർത്തിയതിനുശേഷം വിമാനത്താവളങ്ങളിൽ പിടിക്കുന്ന സ്വർണത്തിന്റെ അളവും വർദ്ധിച്ചിരിക്കുകയാണ്.

gold

അന്താരാണഷ്ട്ര വിപണിയിൽ സ്വർണവില വർദ്ധിക്കുന്നതിനുള്ള പ്രധാനകാരണമായി വിലയിരുത്തുന്നത് അമേരിക്ക ചൈന വ്യാപാരയുദ്ധമാണ്. ചൈനയിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിക്കാൻ അമേരിക്കൻ നിക്ഷേപകരോടും വ്യവസായികളോടും ആഹ്വാനം ചെയ്യുന്ന നിലയിലേക്ക് ട്രമ്പ് എത്തിയതോടെ വരും ദിവസങ്ങളിലും വ്യാപാരയുദ്ധം കടുപ്പിക്കുമെന്ന സൂചനയാണ് പുറത്തുവരുന്ന്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ നിഴലിൽ ചൈനീസ് കറൻസിയുടെ മൂല്യത്തിലും ഇടിവുണ്ടായിരുന്നു.