kerala-congress

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കും സസ്പെൻസുകൾക്കും ഒടുവിൽ പാലാ ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്താനാർത്ഥിയായി ജോസ് ടോം പുലുക്കുന്നേലിനെ യു.ഡി.എഫ് നേതൃത്വം ഇന്നലെ പ്രഖ്യാപിച്ചു. ജോസ് കെ. മാണിയുടെ ഭാര്യ നിഷ സ്ഥാനാർത്ഥിയായി വേണ്ടെന്നും മത്സരിപ്പിച്ചാൽ ചിഹ്നം നൽകില്ലെന്നുമുള്ള പി.ജെ.ജോസഫിന്റെ കടുംപിടുത്തമാണ് വിജയിച്ചത്. നിഷയുടെ പേര് വെട്ടി പകരം പല പേരുകൾ വെട്ടിയും തിരുത്തിയും ചർച്ച ചെയ്ത യു.ഡി.എഫ് ഉന്നത നേതാക്കൾ അവസാനം ജോസ് ടോം പുലിക്കുന്നേലിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കർ രംഗത്ത്.

നിഷയുടെ വരവു കാത്തിരുന്ന രാഷ്ട്രീയ കേരളം നിരാശയിലാണ്ടു പോയെന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു..

'കേരള രാഷ്ട്രീയത്തിലും കേരള കോൺഗ്രസിലും മഹാനായ മാണി സാറിന്റെ ലെഗസി കാത്തു സൂക്ഷിക്കാൻ നിഷാ ജോസ് മാണിയായിരുന്നു ഏറ്റവും മികച്ച സ്ഥാനാർഥി. ബുദ്ധിയും വിവേകവും സൗന്ദര്യവും സാമർത്ഥ്യവും ഒത്തിണങ്ങിയ ഒന്നാന്തരം സ്ഥാനാർഥി. പക്ഷേ, പിജെ ജോസഫ് മൂക്കു മുറിച്ചു ശകുനം മുടക്കി. കോൺഗ്രസ് നേതാക്കളും ഒത്തു കളിച്ചു. അങ്ങനെ ജോസ് ടോമിനു കുറി വീണു.'- ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒടുവിൽ വെളളപ്പുക വന്നു. പാലായിൽ ജോസ് ടോം യുഡിഎഫ് സ്ഥാനാർഥി. നിഷയുടെ വരവു കാത്തിരുന്ന രാഷ്ട്രീയ കേരളം നിരാശയിലാണ്ടു പോയി.

കേരള രാഷ്ട്രീയത്തിലും കേരള കോൺഗ്രസിലും മഹാനായ മാണി സാറിന്റെ ലെഗസി കാത്തു സൂക്ഷിക്കാൻ നിഷാ ജോസ് മാണിയായിരുന്നു ഏറ്റവും മികച്ച സ്ഥാനാർഥി. ബുദ്ധിയും വിവേകവും സൗന്ദര്യവും സാമർത്ഥ്യവും ഒത്തിണങ്ങിയ ഒന്നാന്തരം സ്ഥാനാർഥി.

പക്ഷേ, പിജെ ജോസഫ് മൂക്കു മുറിച്ചു ശകുനം മുടക്കി. കോൺഗ്രസ് നേതാക്കളും ഒത്തു കളിച്ചു. അങ്ങനെ ജോസ് ടോമിനു കുറി വീണു.

#പാലായുടെ നഷ്ടം