tovino

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ടൊവിനോ തോമസ്. ഏഴ് വർഷം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കാൻ താരത്തിന് സാധിച്ചു. . 'പ്രഭുവിന്റെ മക്കൾ' മുതൽ 'കൽക്കി'വരെയുള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. എന്നാൽ ടൊവിനോയെ സംബന്ധിച്ചിടത്തോളം സിനിമയിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നില്ല. സിനിമാ പാരമ്പര്യമൊന്നും ഇല്ല,​ ഉള്ളത് സിനിമ എന്ന സ്വപ്നം മാത്രം. തന്റെ ജീവിത സഖി അന്ന് തനിക്ക് നൽകിയ പിന്തുണയെപ്പറ്റി മനസു തുറന്നിരിക്കുകയാണ് താരം.

പതിനൊന്ന് വർഷത്തെ പ്രണയത്തിന് ശേഷമാണ് ടോവിനോ ലിഡിയയെ വിവാഹം കഴിക്കുന്നത്. ലിഡിയയുടെ കുടുംബവുമായി തന്റെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നെങ്കിലും പ്ലസ്‌വണ്ണിന് ഒരേ കോളേജിലെത്തിയപ്പോഴാണ് നേരിൽക്കണ്ടതും പിന്നീട് പ്രണയത്തിലായതെന്നും താരം പറയുന്നു.

'എഞ്ചിനിയറിംഗിന് കോയമ്പത്തൂരിൽ ഞങ്ങൾ ഒരുമിച്ചാണ് പോയത്. രണ്ട് കോളേജാണെങ്കിലും ഇടയ്ക്കെല്ലാം കാണും,​ ഒന്നിച്ച് സിനിമയ്ക്ക് പോകും. കയ്യിൽ പൈസയില്ലാത്തതുകൊണ്ട് പത്ത് രൂപയുടെ തറടിക്കറ്റിലിരുന്നാണ് ഞാൻ സിനിമ കാണുന്നത്. അവൾ കൂടെയുള്ളപ്പോൾ കൂടിയ ടിക്കറ്റ് എടുക്കേണ്ടിവരും. അതിനാൽ മിക്കപ്പോഴും ഞാൻ ഒറ്റയ്ക്കാണ് സിനിമയ്ക്ക് പോയിരുന്നത്. എന്റെ സിനിമാ മോഹങ്ങൾ അവൾക്കറിയാമായിരുന്നു,​ അവൾ വലിയ പിന്തുണയായിരുന്നു നൽകിയിരുന്നത്. ആദ്യ സിനിമയായ പ്രഭുവിന്റെ മക്കളിൽ ചെറിയ വേഷമായിരുന്നു. പിന്നെ കുറേക്കാലം സിനിമയൊന്നുമില്ല. അന്നവൾ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിൽ മനസ് മടുത്ത് പോയേനെ, ഭാഗ്യത്തിന് അതുണ്ടായില്ല'- താരം പറഞ്ഞു.

ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യ നൽകിയ പിന്തുണയെപ്പറ്റി അദ്ദേഹം വാചാലനായത്. 2014ലായിരുന്നു ടൊവിനോ തോമസിന്റെയും ലിഡിയയുടേയും വിവാഹം. മൂന്ന് വയസുകാരി ഇസയാണ് മകൾ.