sardine

മത്തി പഴയപോലെ കിട്ടാനില്ല എന്നാണ് ഒരു വിഭാഗം ആൾക്കാരുടെ പരാതി. എന്നാൽ,​ കിട്ടുന്ന മത്തിക്കോ കെെപൊള്ളുന്ന വിലയും. മത്സ്യത്തിന്റെ വരവ് നന്നേ കുറയുമ്പോഴാണ് നിരക്ക് പൊന്നുംവിലയായി മാറാറുള്ളത്. എന്നാൽ,​ വെറും പത്ത് രൂപയ്ക്ക് മത്തി വിൽക്കുന്നുണ്ട്. എവിടെയാണെന്നല്ലേ?​ കണ്ണൂരിലെ പാലക്കോട് കടപ്പുറത്താണ് കുറഞ്ഞ വിലയ്ക്ക് മത്തി വിറ്റുപോയത്.

ഒരു കിലോ മത്തിക്ക് 25 രൂപ മുതൽ 10 രൂപയ്ക്കു വരെ വിറ്റഴിച്ചു. 25 വർഷത്തിനു ശേഷമാണ് മത്സ്യത്തിന് ഇത്രയും വില കുറയുന്നത് എന്ന് തൊഴിലാളികൾ പറയുന്നു. അയല 70 രൂപയ്ക്കും കേതൽ 120 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്. ഫിഷ് മിൽ വ്യവസായികളുടെ സമരമാണ് മത്സ്യത്തിനു വില ഇടിവുണ്ടാക്കിയത്.

മഴക്കാലമാണ് മത്തിയുടെ പ്രജനനകാലം. ഇക്കാലത്ത് ചെറിയ മത്തി പിടിക്കുന്നത് നിയന്ത്രിച്ചാൽ വർദ്ധനവ് എളുപ്പമാകുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2017 ൽ 3.7 ടൺ മത്തി കിട്ടിയിരുന്നിടത്ത് മുൻ വർഷം കിട്ടിയത് 1.55 ടൺ മാത്രമാണെന്നും ഡോ.ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇക്കഴിഞ്ഞ മാസം സാധാരണക്കാരുടെ ഈ ഇഷ്ടമീൻ സംസ്ഥാനത്തിന്റെ തീരങ്ങളിൽ വല്ലാതെ കുറയുന്നതിന്റെ കാരണങ്ങൾ തേടി രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർ കൊച്ചിയിൽ ഒത്തുകൂടിയിരുന്നു. മത്തിയുടെ ലഭ്യതയെ മുഖ്യമായി സ്വാധീനിക്കുന്നത് എൽ നിനോ - ലാ നിന പ്രതിഭാസമാണെന്ന് സമുദ്രമത്സ്യ ഗവേഷണകേന്ദ്രം അടുത്തിടെ കണ്ടെത്തിയിരുന്നു.