ഇസ്ലാമബാദ്: ഹിന്ദു പെൺകുട്ടിയെ തട്ടികൊണ്ടുപോയ ശേഷം മതം മാറ്റിച്ച് മുസ്ലിം ആക്കിയതായി വിവരം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് രേണുക എന്ന പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റിച്ചത്. പെൺകുട്ടിയെ മതം മാറ്റിയ ശേഷം മുസ്ലിമായ ഒരു യുവാവിനെ കൊണ്ട് വിവാഹം കഴിപ്പികുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഇത് രണ്ടാം തവണയാണ് പാകിസ്ഥാനിൽ ഹിന്ദു മതത്തിൽ പെട്ട പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യുന്നത്.
ബി.ബി.എ വിദ്യാർത്ഥിനിയായ രേണുക ആഗസ്റ്റ് 29ന് കോളേജിൽ പോയ ശേഷം തിരികെ വന്നില്ല. ഇതിനെ തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിക്ക് ഒപ്പം പഠിക്കുന്ന ബാബർ അമൻ എന്ന് പേരുള്ള വിദ്യാർത്ഥിയും പാകിസ്ഥാനി രാഷ്ട്രീയ പാർട്ടിയായ തെഹ്‌രീക് ഇ ഇൻസാഫിലെ മിർസ ദെലവാർ ബൈഗ് എന്നയാളും ചേർന്നാണ് രേണുകയെ തട്ടികൊണ്ടുപോയത്. ഇതിന് ശേഷമാണ് പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റിയതെന്ന് മാദ്ധ്യമങ്ങൾ പറയുന്നു.
സിയാൽകോട്ടിലുള്ള തന്റെ വീട്ടിലേക്ക് രേണുകയെ കൊണ്ടുപോയ ബൈഗ് കുട്ടിയെ മതം മാറ്റിച്ച ശേഷം ബാബർ അമനെ കൊണ്ട് വിവാഹം ചെയ്യിക്കുകയായിരുന്നു. ബാബർ അമന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തതായി വിവരമുണ്ട്. എന്നാൽ രേണുകയെ കുറിച്ചോ ബാബറിനെ കുറിച്ചോ യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തെ അപലപിച്ച് പാകിസ്ഥാനിലെ ഹിന്ദു സന്നദ്ധ സംഘടനയായ 'ആൾ പാകിസ്ഥാൻ ഹിന്ദു പഞ്ചായത്ത് ' എന്ന സംഘടന രംഗത്ത് വന്നു. ഈ സംഭവം ഏറെ വിഷമകരമാണെന്നും ഹിന്ദുക്കളെല്ലാം ഒന്നിച്ച് ഈ അനീതിക്കെതിരെ പ്രവർത്തിക്കണമെന്നും ഇവർ പറഞ്ഞു.
ഏതാനും നാളുകൾക്ക് മുൻപ്, പഞ്ചാബ് പ്രവിശ്യയിൽ, 19 വയസുള്ള മറ്റൊരു പെൺകുട്ടിയെ തോക്കുചൂണ്ടി തട്ടികൊണ്ടുപോയ ശേഷം നിർബന്ധിച്ച് മതം മാറ്റിയ ശേഷം മുസ്ലിം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു. ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സമീപിക്കുകയും സംഭവത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തങ്ങൾ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇമ്രാൻ ഖാന്റെ പാർട്ടിയാണ് തെഹ്‌രീക് ഇ ഇൻസാഫ്.