ന്യൂഡൽഹി : സംസ്ഥാനങ്ങൾക്കുമേൽ കേന്ദ്ര സർക്കാരിന്റെ കണ്ണും കാതുമായി പ്രവർത്തിക്കുക എന്നതാണ് ഗവർണർമാരുടെ പ്രധാന ദൗത്യം. കേന്ദ്രത്തിലും സംസ്ഥാനത്തും വ്യത്യസ്ത പാർട്ടികളുടെ സർക്കാരാണ് ഭരണം നടത്തുന്നതെങ്കിൽ ഗവർണറുടെ ജോലിയുടെ ഗൗരവം വർദ്ധിക്കുകയും ചെയ്യും. പ്രത്യേകിച്ച് കേന്ദ്ര സർക്കാരുമായി വിയോജിപ്പുകൾ തുറന്നുപറയാൻ മടിയില്ലാത്ത സർക്കാർ സംസ്ഥാനം ഭരിക്കുമ്പോൾ. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെ അവരുടെ നയങ്ങളെ നിശിതമായി വിമർശിക്കുന്ന പാർട്ടിയും ഭരണകൂടവുമാണ് കേരളത്തിനുള്ളത്. അതുകൊണ്ടു തന്നെ കേരളത്തിലേക്ക് കേന്ദ്രം പുതുതായി ഗവർണറെ നിയമിക്കുമ്പോൾ അതിൽ വാർത്താ പ്രാധന്യം ഉണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്.
ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചതിന് പിന്നിൽ
കേരളമുൾപ്പടെ അഞ്ചിടത്താണ് പുതിയ ഗവർണർമാരെ നിയമിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ കേരളവും തെലങ്കാനയുമുൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ ഗവർണർ നിയമനത്തിന് കേന്ദ്ര സർക്കാർ പ്രത്യേക താത്പര്യമാണ് സ്വീകരിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി ഈ നിയമനത്തിന് പിന്നിലുണ്ടെന്ന് കാണാനാവും. കേരളത്തിന്റെ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാനെ നിയോഗിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയായ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിേേലക്ക് അയക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ സ്വാധീനം വർദ്ധിപ്പിക്കുക കൂടിയാണ്.
പി.സദാശിവത്തിന് പറ്റാത്തത് ആരിഫ് മുഹമ്മദ് ഖാനാവുമോ ?
സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി.സദാശിവത്തെ കേരള ഗവർണറാക്കിയതും അപ്രതീക്ഷിത നീക്കമായിട്ടായിരുന്നു അന്ന് വിലയിരുത്തിയത്. സുപ്രീം കോടതിയിൽ നിന്നം വിരമിച്ച ജസ്റ്റിസിനെ ഗവർണറാക്കി മാറ്റുന്നതിന് പിന്നിലെ ധാർമികതയായിരുന്നു അന്ന് കൂടുതലായി രാജ്യം ചർച്ച ചെയ്തത്. എന്നാൽ ഇതൊന്നും തന്റെ പ്രവർത്തിപഥത്തിന് തടസമാകില്ലെന്ന് തെളിയിച്ചാണ് പി.സദാശിവം കാലാവധി പൂർത്തിയാക്കി കേരളത്തോട് വിടപറയുവാനൊരുങ്ങുന്നത്.
ഒരു ന്യായാധിപന്റെ കണ്ണിലൂടെ സംസ്ഥാന സർക്കാരിന്റെ നടപടികളിൽ അവശ്യം വേണ്ട ഘട്ടങ്ങളിൽ ഇടപെട്ടായിരുന്നു അദ്ദേഹം തന്റെ പദവി വിനിയോഗിച്ചത്. അതേ സമയം വിദ്യാഭ്യാസ മേഖലയിൽ ചാൻസിലർ എന്ന തന്റെ അധികാരമുപയോഗിച്ച് മികച്ച മാറ്റങ്ങൾ കൊണ്ടുവരാനും അദ്ദേഹത്തിനായി. ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തി വിശദീകരണം തേടാനും, സംശയം ജനിപ്പിക്കുന്ന രാഷ്ട്രീയ നിയമനങ്ങളിൽ അധികാര കത്രിക ഉപയോഗിക്കാനും അദ്ദേഹം മടികാട്ടിയില്ല. അതേ സമയം ബി.ജെ.പി സംസ്ഥാന ഘടകത്തിന് ഗവർണർ പി.സദാശിവത്തോട് അതൃപ്തിയും ഉണ്ടായിരുന്നു.ശബരിമല പ്രക്ഷോഭ വിഷയങ്ങളിലടക്കം സർക്കാരിനെ നിലയ്ക്കുനിർത്തുന്നതിൽ, അപ്രകാരം കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നതിൽ സദാശിവം പരാജയപ്പെടുന്നു എന്ന പരാതിയായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്. എന്നാൽ പുതിയ ഗവർണർ വരുന്നതോടെ പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ നടപ്പിലാക്കാനാവും എന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്.
കോൺഗ്രസിന് മറുപടി
ഒരു കാലത്ത് കോൺഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബി.ജെ.പി പാളയത്തിൽ എത്തിച്ചത് രാഷ്ട്രീയ ലാഭം തേടിയുള്ള കാലുമാറ്റമായിരുന്നില്ല. കോൺഗ്രസ് രാജീവ് ഗാന്ധിയുടെ കീഴിൽ അതിന്റെ പ്രതാപ കാലത്തായിരുന്ന സമയത്താണ് മുസ്ളീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി കേന്ദ്ര മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് അദ്ദേഹം കോൺഗ്രസ് വിട്ടത്. മുത്തലാഖിന്റെ നിശിത വിമർശകനായ ആരിഫ് മുഹമ്മദ് മുത്തലാഖ് നിർത്തലാക്കിയ ബി.ജെ.പിസർക്കാരിന് അകമഴിഞ്ഞ പിന്തുണയാണ് നൽകിയിരുന്നത്. രണ്ട് വർഷത്തിനു ശേഷം കേരളം നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പ്രതിപക്ഷം ഭരണത്തിലേറുന്ന കേരളത്തിന്റെ പതിവ് ശൈലിയിൽ കോൺഗ്രസ് അധികാരം പിടിച്ചാൽ ആരിഫ് മുഹമ്മദ് ഖാനുമായി എങ്ങനെ സർക്കാർ ഒത്തുപോകും എന്നതും കാണേണ്ട കാര്യമാണ്.
കേരളത്തിന് പുറമേ ദക്ഷിണേന്ത്യയിൽ തെലങ്കാന ഗവർണറാകുന്ന തമിഴ് ഇസൈ സൗന്ദർരാജൻ തമിഴ്നാട്ടിലെ ബി.ജെ.പി മുഖമായിരുന്നു. പൊതുതിരഞ്ഞെടുപ്പിന് ശേഷം ഇനി ശ്രദ്ധ ദക്ഷിണേന്ത്യയിലാണെന്ന് ബി.ജെ.പിയുടെ അദ്ധ്യക്ഷൻ അമിത് ഷാ പ്രസംഗിച്ചത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഗവർണർ നിയമനത്തിലൂടെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നതെന്ന് വഴിയെ അറിയാനാവും.