കേദാർനാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനെത്തിയതോടെ കേദാർനാഥിലെ ഗുഹയ്ക്ക് ശുക്രൻ ഉദിച്ചിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, മോദി വന്നതിന് ശേഷം ഗുഹയിലേക്ക് ധ്യാനത്തിനായി എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ് മോദി ധ്യാനത്തിനായി രുദ്ര ഗുഹയിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2018ലാണ് ഗുഹ പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തത്. എന്നാൽ പ്രധാനമന്ത്രി സന്ദർശിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു സന്ദർശക സ്ഥലത്തെ കുറിച്ച് ലോകം അറിഞ്ഞത്.
പ്രധാനമന്ത്രി എത്തിയ മേയ് മാസത്തിൽ നാല് ബുക്കിംഗാണ് ലഭിച്ചത്. ജൂണിൽ 28, ജൂലായിൽ 10, ആഗസ്റ്റിൽ 8 ബുക്കിംഗ്. കൂടാതെ ഈ മാസം 19 ബുക്കിംഗാണ് ലഭിച്ചത്. അടുത്ത മാസത്തേക്ക് 10 പേർ ബുക്ക് ചെയ്തിട്ടുണ്ട്. ഇത്രയും അധികം മുൻകൂർ ബുക്കിംഗ് ഗുഹ തുറന്നതിന് ശേഷം ആദ്യമായാണ് ലഭിക്കുന്നതെന്ന് ഗുഹയുടെ നടത്തിപ്പുകാരായ ഗാർവാൽ മണ്ഡൽ വികാസ് നിഗം അധികൃതർ വ്യക്തമാക്കുന്നു.
'ഇന്ത്യയിലെ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം വിലമതിക്കാനാകാത്തതാണ്. അദ്ദേഹം സന്ദർശിച്ചതിന് ശേഷമാണ് രുദ്ര ഗുഹയുടെ ആവശ്യകത ഉയർന്നത്. രാജ്യത്തിന്റെ വിനോദ സഞ്ചാരമേഖലക്കാകെ ഇത് ഗുണം ചെയ്യും'- ടൂറിസം മന്ത്രി പ്രഹ്ളാദ് പട്ടേൽ പറഞ്ഞു.
ഒരു രാത്രി ഗുഹയിൽ താമസിക്കുന്നതിന് 1500 രൂപയും രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് വരെ 999 രൂപയുമാണ് ഈടാക്കുന്നത്. ഒരു സമയം ഒരാൾക്ക് മാത്രമാണ് രുദ്ര ഗുഹയിൽ ധ്യാനത്തിനുള്ള അവസരം. ആധുനിക സൗകര്യങ്ങളെല്ലാം രുദ്രയിൽ ലഭ്യമാണ്. രാവിലെ ചായ മുതൽ പ്രാതൽ, ഉച്ചഭക്ഷണം, വൈകിട്ടത്തെ ചായ, അത്താഴം അങ്ങനെ എല്ലാം മുറയ്ക്ക് കിട്ടും. ധ്യാനത്തിനെത്തുന്നവരുടെ താത്പര്യമനുസരിച്ച് ഭക്ഷണക്രമത്തിൽ വ്യത്യാസം വരുത്താം. 24 മണിക്കൂറും പരിചാരകന്റെ സേവനം ലഭ്യം. മാനസികവും ശാരീരികവുമായ പരിശോധനകൾക്ക് ശേഷം മാത്രമാണ് ധ്യാനത്തിനുള്ള അനുമതി. ഇവിടത്തെ ധ്യാനത്തിനുള്ള ബുക്കിംഗ് ഓൺലൈൻ വഴി ചെയ്യാം.