university-college

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല മറ്റ് പല കോളേജുകളിലും കോളേജ് യൂണിയനുകളുടെ ഓഫീസുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നുവെന്ന് ജസ്റ്റിസ് ഷംസുദ്ദീൻ കമ്മീഷൻ റിപ്പോർട്ട്. അസംഘടിതരായ വിദ്യാർത്ഥികളുടെ പരാതികൾക്ക് കോളേജ് യൂണിയൻ വില നൽകുന്നില്ലെന്നും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചുകൊണ്ടാണ് കലാലയങ്ങൾ കലാപഭൂമികളാകുന്നതെന്നും ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ അദ്ധ്യക്ഷനായ സ്വതന്ത്ര കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് ഇന്ന് ഗവർണർക്ക് സമർപ്പിക്കും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് കമ്മീഷൻ രൂപീകരിച്ചത്. തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ് തുടങ്ങിയ കലാലയങ്ങളിലാണ് ഇടിമുറികൾ പ്രവർത്തിക്കുന്നതായി കമ്മീഷൻ കണ്ടെത്തിയത്. എസ്.എഫ്.ഐ കൈയടക്കി വച്ചിരിക്കുന്ന പല കോളേജുകളിലും വിദ്യാർത്ഥികൾക്ക് പരാതികൾ നൽകാൻ പോലും പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഇവർ വിദ്യാർത്ഥികളെ അനുവദിക്കാറില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. അതാത് കാലങ്ങളിലുള്ള സർക്കാരുകൾ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്ന അക്രമ സംഭവങ്ങളെ എതിർക്കാതെയാണ് മുന്നോട്ട് പോയിട്ടുള്ളത്. ഇതാണ് രാഷ്ട്രീയത്തിന്റെ പേരിലുള്ള സംഘർഷങ്ങൾ വർദ്ധിക്കാൻ കാരണമായതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.