ഫ്രാങ്ക് ഫർട്ട് : ജർമ്മനിയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചു കേരളം സമാജത്തിന്റെ സ്റ്റാളിൽ ബീഫ് വിഭവങ്ങൾ വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി ഫ്രാങ്ക്ഫർട്ടിൽ കേരള സമാജം രംഗത്ത്. പൊറോട്ടയും ബീഫും പട്ടികയിൽ സ്ഥാനം പിടിച്ചതോടെ എതിർപ്പുമായെത്തിയവരും ഭക്ഷണസ്വാതന്ത്ര്യത്തിനായി നിലകൊണ്ടവരും തമ്മിലുള്ള തർക്കമാണ് ഉടലെടുത്തത്. ഈ വിഷയത്തിൽ ജർമ്മനിയിലെ മലയാളി സമൂഹം കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.
കേരള സമാജം ഫ്രാങ്ക്ഫർട്ട് നൽകുന്ന വിശദീകരണം ഇപ്രകാരമാണ്
കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഫ്രാങ്ക്ഫർട്ട് ഈയിടെ സംഘടിപ്പിച്ച ഫെസ്റ്റിനു വേണ്ടി കേരള സമാജം തയ്യാറാക്കിയ മെനു സംബന്ധിച്ച് ചില ദുർവ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഓൺലൈൻ മീഡിയയിലും ഈ വാർത്ത പ്രചരിക്കുന്നതിനാൽ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. ഇന്ത്യൻ ഫെസ്റ്റിന് തയ്യാറെടുക്കുമ്പോൾ എല്ലാ ഇന്ത്യൻ സംഘാടകരോടും മദ്യമൊഴികെ ഒഴികെ ഓരോ സംസ്ഥാനത്തെയും പൊതു ഭക്ഷണങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പൊതുതാൽപര്യം അടിസ്ഥാനമാക്കിയുള്ള മെനുവാണ് കേരള സമാജം തയ്യാറാക്കിയത്. സ്ഥാപിത താൽപര്യക്കാരായ ചിലർ എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് കോൺസുലേറ്റ് ജനറൽ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ മെനു തിരുത്താൻ ഞങ്ങളോട് അഭ്യർത്ഥിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് സമാധാനകാംക്ഷികളായ 'ദൈവത്തിന്റെ സ്വന്തം നാടിനെ' പ്രതിനിധീകരിക്കുന്ന ഞങ്ങൾ മറ്റെന്തിനുംമുകളിൽ സമാധാനവും സഹവർത്തിത്തവും കാത്തുസൂക്ഷിക്കാൻ സമ്മതിക്കുകയും 'നാനാത്വത്തിൽ ഏകത്വം' എന്ന ഇന്ത്യയുടെ അടിസ്ഥാന മൂല്യം ഉയർത്തിപ്പിടിക്കാൻ തീരുമാനിക്കുകയുമായിരുന്നു. സമാധാനം ആഗ്രഹിക്കുന്ന ഉത്തരവാദിത്വബോധമുള്ള എല്ലാ പൗരന്മാരോടും പൗരന്മാർ അല്ലാത്തവരോടും, ഇതുസംബന്ധിച്ച വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇപ്രകാരമാണ് കേരള സമാജത്തിന്റെ വിശദീകരണക്കുറിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
ആഹാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.
ഡോണി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പടരുന്ന അസഹ്ഷ്ണുത ...
ഇന്ത്യൻ കോൺസുലേറ്റ് ഫ്രാങ്ക്ഫുർട് സംഘടിപ്പിച്ച ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചു വലതു പക്ഷ തീവ്ര നിലപാടുകാരുടെ ഇടപെടൽ ഇന്ത്യക്കു പുറത്തും അസഹ്ഷ്ണുതാ പടർത്തുന്നു ...
ഓഗസ്റ്റ് 31 നു ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചു കേരളം സമാജം ഫ്രാങ്ക്ഫുർട്ടിന്റെ സ്റ്റാളിൽ കേരളത്തിന്റെ തനതായ ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പൊറോട്ടയും ബീഫും മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. ഈ മെനു ശ്രദ്ധയിൽ പെട്ട വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ ബീഫ് വിതരണത്തിന് എതിരെ എതിർപ്പുമായി പ്രതിഷേധം സംഘടിപ്പിക്കുവാൻ ആഹ്വാനം ചെയ്തു. ഇതേ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു കേരളം സമാജത്തോട് ബീഫ് മെനുവിൽ നിന്നും നീക്കം ചെയ്യുവാൻ ആവശ്യ പെട്ടു. ബീഫ് മെനുവിൽ നിന്നും ഒഴിവാക്കിയ കേരളം സമാജം പരിപാടി ബഹിഷ്കരിക്കുക കൂടെ ചെയ്തു. ഇന്ത്യക്കു പുറത്തേക്കു പടരുന്ന മത അസഹ്ഷ്ണുത, ഭക്ഷണ സ്വാതന്ത്ര്യം ഇല്ലായ്മ എന്നിവയിൽ പ്രതിഷേധിച്ചു ഫ്രാങ്ക്ഫുർട്ടിൽ ഒരു പറ്റം യുവാക്കൾ പ്രതിഷേധ സൂചകം ആയി ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തെയും, ഭക്ഷണ സ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം സംഘടിപ്പിച്ചു ...