മിസ്റ്റർ ഇന്ത്യ, മിസ്റ്റർ യൂണിവേഴ്സ് ടോപ്പ് ടെൻ എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്ക് അർഹനാണ് ചാക്കോ തരകൻ. നമ്മുടെ ചാക്കോച്ചന്റെ കൊച്ചനുജൻ കൂടിയാണ് കക്ഷി. സിക്‌സ് പാക്കും നീളൻ മുടിയുമൊക്കെയാണ് ചാക്കോയുടെ പ്രധാന ആകർഷണം. തടി ഈ പരുവമാക്കാൻ 29കാരനായ ചാക്കോയ്ക്ക് വലിയ പരിശ്രമം തന്നെ വേണ്ടിവന്നു. സിക്‌സ് പാക്ക് സ്വപ്നം കാണുന്ന യുവാക്കളോട് ചാക്കോയ്ക്ക് ചിലത് പറയാനുണ്ട്.
നാലുനേരം ചിക്കൻ കഴിക്കും എന്നാൽ...
താൻ നാലു നേരം ചിക്കൻ കഴിക്കാറുണ്ടെന്ന് ചാക്കോ പറയുന്നു. എന്നാൽ കറിവച്ചോ വറുത്തോ ഒന്നുമല്ല കഴിക്കുന്നത്. എരിവും പുളിയുമില്ലാതെ പുഴുങ്ങിയെടുക്കുന്ന ചിക്കനാണ് കഴിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് എണിക്കുമെന്ന് ചാക്കോ പറയുന്നു. ഒന്നരമണിക്കൂർ നടക്കും. അതിന് ശേഷം ഒരു ആപ്പിൾ കഴിക്കും. ശേഷം രണ്ട് മണിക്കൂർ ജിമ്മിൽ. വൈകീട്ട് നാലുമണിക്കൂറും ജിമ്മിൽ പരിശീലനം നടത്താറുണ്ട്. ദിവസവും മൂന്ന് കിലോ വെജിറ്റബിൾ സാലഡ്, ചപ്പാത്തി,മുട്ടയുടെ വെള്ള എന്നിവയും കഴിക്കും.
ഡയറ്റിൽ എന്തൊക്കെ ഒഴിവാക്കും...
ഡയറ്റിൽ എന്തൊക്കെ ഒഴിവാക്കും എന്നതും പ്രധാനമാണെന്ന് ചാക്കോ പറയുന്നു. 'പഞ്ചസാര, എണ്ണ, പാൽ, തൈര്, വെണ്ണ എന്നിവ മുമ്പേ ഒഴിവാക്കി. മത്സരത്തിന് പോകുമ്പോൾ ദിവസങ്ങൾക്ക് മുമ്പേ ചിട്ടകൾ കർശനമാക്കും. അപ്പോൾ വെള്ളം കുടിക്കില്ല, പകരം പഴച്ചാറുകൾ മാത്രം.ചോറു പോലും ജലാംശം പൂർണ്ണമായി കളഞ്ഞാണ് കഴിക്കുന്നത്. എട്ടുമാസത്തോളം ഈ രീതിയിലാണ് ജീവിതചര്യ. പിന്നെ നാലുമാസം ഇഷ്ടമുള്ളതൊക്കെ കഴിക്കും'-ചാക്കോ പറഞ്ഞു.
കണ്ണിൽക്കണ്ട സാധനങ്ങൾ പരീക്ഷിക്കരുത്
സിക്‌സ് പാക്ക് വേണമെന്ന് കരുതി കണ്ണിൽക്കണ്ട കണ്ട സാധനങ്ങൾ പരീക്ഷിക്കരുതെന്നും ശരീരത്തിനും ആരോഗ്യത്തിനുമാണ് പ്രധാന്യം നൽകേണ്ടതെന്നും ചാക്കോ പറയുന്നു.പ്രോട്ടീൻ പൗഡറിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ചിലർക്ക് തെറ്റിദ്ധാരണ ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു.
തനിക്ക് 85 കിലോ തൂക്കമുണ്ടെന്നും അതനുസരിച്ച് ദിവസവും 70- 80 ഗ്രാം പ്രോട്ടീൻ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്രയും അളവിൽ പ്രോട്ടിൻ കിട്ടണമെങ്കിൽ നൂറ് മുട്ടയുടെ വെള്ള കഴിക്കണം. അത് പ്രായോഗികമല്ലാത്തതിനാൽ പ്രോട്ടീൻ പൗഡർ കഴിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ചാക്കോ ബോബനുമായുള്ള ബന്ധം
കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പെങ്ങളുടെ മകനാണ് ചാക്കോ തരകൻ. സിനിമയിൽ ഒരു കൈ നോക്കാനും ചാക്കോയ്ക്ക് താൽപര്യമുണ്ട്. ചെന്നൈയിൽ ആക്ടിങ് വർക്ക് ഷോപ്പിൽ ചേർന്നിട്ടുണ്ടെന്നും ചാക്കോ വ്യക്തമാക്കി. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചാക്കോ മനസ് തുറന്നത്.