ന്യൂഡൽഹി: ഉന്നാവോ കേസിലെ പെൺകുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. റോഡ് അപകടവുമായി ബന്ധപ്പെട്ട കേസിലാണ് ഇന്ന് രാവിലെ ഡൽഹിയിലെ എയിംസിലെത്തി സി.ബി.ഐ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായതോടെ ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉത്തർപ്രദേശ് എം.എൽ.എയായിരുന്ന കുൽദീപ് സിംഗ് സെംഗാർ 2017 ൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ബി.ജെ.പി കുൽദീപ് സിംഗിനെ പുറത്താക്കിയിരുന്നു.
കഴിഞ്ഞ ജൂലായ് 28നാണ് പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ബന്ധുക്കളും അഭിഭാഷകനും പെൺകുട്ടിയ്ക്കൊപ്പം കാറിലുണ്ടായിരുന്നു. അപകടത്തിൽ പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ഇവരുടെ രണ്ട് ബന്ധുക്കൾ മരണപ്പെടുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നതിനാൽ പെൺകുട്ടിയുടെ അഭിഭാഷകന്റെ മൊഴി ഇതുവരെ രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അപകട കേസിലെ അന്വേഷണം പൂർത്തിയാക്കാൻ സി.ബി.ഐക്ക് സെപ്റ്റംബർ 6 വരെ സമയം അനുവദിച്ചിട്ടുണ്ട്. കാർ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ 20ലധികം ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥരെ സി.ബി.എ ചുമതലപ്പെടുത്തി. ഉത്തർപ്രദേശിലെ 17 സ്ഥലങ്ങളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.
സന്ദർശകരുടെ രേഖകൾ പരിശോധിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം കുൽദീപ് സെംഗാർ തടവിലായിരുന്ന സീതാപൂർ ജയിലിലും എത്തിയിരുന്നു. ബി.ജെ.പി പാർലമെന്റ് അംഗം സാക്ഷി മഹാരാജ് ഉൾപ്പെടെ കഴിഞ്ഞ വർഷം പതിനായിരത്തിലധികം ആളുകൾ അദ്ദേഹത്തെ സന്ദർശിച്ചതായി അവർ കണ്ടെത്തി.