ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്റെ ലാൻഡിംഗിന് മുന്നോടിയായുള്ള നിർണായക ഘട്ടം വിജയകരമായി പൂർത്തീകരിച്ച് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററും വിക്രം ലാൻഡറും വിജയകരമായി വേർപെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.15നായിരുന്ന വിക്രം ലാൻഡർ വേർപെട്ടത്. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്‌സിൽ നിന്ന് ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ഓർബിറ്ററിൽ നിന്നു വേർപെടുന്ന ലാൻഡറിനെ ചന്ദ്രന്റെ ധ്രുവങ്ങൾക്ക് മീതേ ഏകദേശം വൃത്താകാര ഭ്രമണ പഥത്തിൽ പ്രതിഷ്‌ഠിക്കും. മൂന്നിന് രാവിലെ ഒമ്പതിനും പത്തിനും ഇടയ്ക്ക് ഭ്രമണപഥം 109 x 120 കിലോമീറ്ററിലേക്കും നാലിന് വൈകിട്ട് മൂന്നിനും നാലിനും ഇടയ്ക്ക് 36 x 110 കിലോമീറ്റർ ഭ്രമണപഥത്തിലേക്കും താഴ്‌ത്തും. മൂന്ന്, നാല് തീയതികളിലാണ് ഇറങ്ങേണ്ട സ്ഥലം സ്‌കാൻ ചെയ്ത് ആദ്യഘട്ട ലാൻഡിംഗ് മാപ് തയാറാക്കുന്നത്. ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയ്ക്കായിരിക്കും ലാൻഡർ ചന്ദ്രനിലിറങ്ങുന്നത്. ചന്ദ്രോപരിതലത്തിൽ മാൻസിനസ് സി, സിംപെലിയസ് എൻ എന്നീ ഗർത്തങ്ങൾക്കിടയിൽ സോഫ്‌റ്റ് ലാൻഡ് ചെയ്യുന്നതോടെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
#ISRO
— ISRO (@isro) September 2, 2019
Vikram Lander Successfully separates from #Chandrayaan2 Orbiter today (September 02, 2019) at 1315 hrs IST.
For details please visit https://t.co/mSgp79R8YP pic.twitter.com/jP7kIwuZxH
ചന്ദ്രയാൻ രണ്ട് പേടകത്തെ ചന്ദ്രനോട് കൂടുതൽ അടുപ്പിക്കാനുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്‌ത്തൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇന്നലെ വൈകിട്ട് 6.21നായിരുന്നു സുപ്രധാന ദൗത്യം. പേടകത്തിലെ പ്രൊപ്പൽഷൻ സംവിധാനം 52 സെക്കൻഡ് ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്‌ത്തിയത്. ചന്ദ്രനോട് 119 കിലോമീറ്റർ അടുത്തും 127 കിലോമീറ്റർ അകന്നുമുള്ള ഭ്രമണപഥത്തിലേക്കാണ് പേടകം താഴ്‌ത്തിയത്. നിലവിൽ അത് 126 x 168 കിലോമീറ്റർ ഭ്രമണപഥത്തിലായിരുന്നു.