മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന പെൺകൂട്ടായ്മയായ ഡബ്ള്യൂ.സി.സിയിൽ താനില്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി മാല പാർവതി. തന്റെ സംഘടന 'അമ്മ'യാണെന്ന് വ്യക്തമാക്കുന്ന പാർവതി ഡബ്ള്യൂ.സി.സിയോട് തനിക്കുള്ളത് ബഹുമാനമാണെന്നും പറയുന്നു. ഡബ്ള്യൂ.സി.സി ആരംഭിച്ചപ്പോൾ തന്നെ താനതിന്റെ ഭാഗമായിരുന്നില്ലെന്നും താനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യൂ.സി.സിയിൽ വേണ്ടെന്ന് അവർ ആദ്യമേ തീരുമാനിച്ചതാവാമെന്നും കേരളകൗമുദി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിൽ മാല പാർവതി തുറന്നടിക്കുന്നു.
ദിലീപ് വിഷയത്തിൽ എടുത്ത നിലപാടിനെ കുറിച്ചും മാല പാർവതി തുറന്നു പറയുന്നു. ദിലീപ് വിഷയത്തിൽ ഞാനെടുത്ത നിലപാടിൽ അവർക്ക് നല്ല ദേഷ്യം വന്നുകാണും. കുറ്റം തെളിയിക്കപ്പെട്ടാൽ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല. പ്രശ്നത്തിൽ പെട്ടൊരാളെ ഞാനും കൂടി ചവിട്ടുന്നില്ല എന്നൊരു തീരുമാനവുമെടുത്തു. അതവർക്ക് ഇഷ്ടപ്പെട്ടുകാണില്ല. അതേ എനിക്കുപറ്റു. ഒരു പക്ഷേ മോശം സ്വഭാവമായിരിക്കാം എന്നാൽ വ്യക്തിപരമായ ബന്ധങ്ങൾ തന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളാണെന്നും അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നു. അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം കേരളകൗമുദി ആഴ്ചപതിപ്പിൽ വായിക്കാം.