അഞ്ചാമത് അന്തർദേശീയ കയർ പ്രദർശനം 2017 ൽ ആലപ്പുഴയിൽ നടന്നപ്പോൾ വകുപ്പ് മന്ത്രി പുനർജനി പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും കയർമേഖലയുടെ സ്ഥിതി പരിതാപകരമായി തുടരുകയാണ്. 2018 ലെ പ്രളയവും കയർമേഖലയെ ബാധിച്ചിരുന്നു. ആലപ്പുഴ മേളയിലെടുത്ത പ്രധാന തീരുമാനം കയർ ഉത്പന്നങ്ങളുടെ വില്പ്പന ഉറപ്പാക്കുകയായിരുന്നു. വകുപ്പുമന്ത്രി കൂടിയായ ധനമന്ത്രി തോടുകളുടെയും ജലാശയങ്ങളുടെയും വരമ്പുകൾ ഇടിയാതിരിക്കാൻ കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സമ്മതപത്രം വാങ്ങി. വലിയതോതിൽ ഭൂവസ്ത്രം തൊഴിലുറപ്പു പദ്ധതികളിലൂടെ വിൽക്കുകയും ചെയ്തു. ഭൂവസ്ത്രം ഇട്ടതുകൊണ്ടുള്ള മെച്ചം മനസിലാക്കാൻ ആ സ്ഥലങ്ങൾ പരിശോധിച്ചാൽ മതി. സാമ്പത്തികവർഷം അവസാനിക്കും മുൻപ് പദ്ധതി വിഹിതം ചെലവഴിച്ച് തീർക്കാൻ തദ്ദേശവകുപ്പ് ദ്രുതഗതിയിൽ പണി നടത്തിയപ്പോൾ ഭൂവസ്ത്രം നൽകാൻ കയർവകുപ്പിന് കഴിഞ്ഞതുമില്ല .
കയർ ക്ഷാമമുണ്ടാകുകയും ചെയ്തു. ഭൂവസ്ത്രം ഇനിയും നൽകാനുണ്ട് . കയർമേഖലയിലെ സ്ത്രീകൾ തൊഴിലുറപ്പു പദ്ധതികളിലേക്കു പോയപ്പോൾ ആ വർഷം കയർനിർമ്മാണം കുറഞ്ഞു. കയർക്ഷാമം ഉത്പന്ന നിർമ്മാണത്തെ ദോഷകരമായി ബാധിച്ചു. ആലപ്പുഴയിലെ കയർമേഖലയിൽ തൊഴിൽപ്രശ്നങ്ങൾക്കും വഴിതെളിച്ചു. കയർക്ഷാമം പരിഹരിക്കാൻ കയർ ഉത്പന്ന വ്യവസായികൾ കയർ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരാൻ തുടങ്ങി.
വ്യവസായം തമിഴ്നാട്ടിലേക്ക്
8452 ദശലക്ഷം നാളികേരം ഉത്പാദിപ്പിക്കുന്ന കേരളത്തിന് തമിഴ്നാടാണ് ചകിരി നൽകുന്നത് ! തമിഴ്നാട്ടിലെ കയറുത്പാദനത്തിൽ യന്ത്രവത്കരണം വന്നപ്പോൾ കേരളത്തിലെ പല വ്യവസായികളും തമിഴ്നാട്ടിൽ കയർ ഫാക്ടറികളും ആരംഭിച്ചു ! ചകിരി ഉത്പാദനത്തിനായിരുന്നു അവർ പ്രാധാന്യം നൽകിയത് .
ചകിരിക്ഷാമം
കേരളത്തിൽ തൊണ്ട് ലഭിക്കാതായപ്പോഴാണ് ചകിരിക്കായി തമിഴ്നാടിനെ ആശ്രയിച്ചത് . ഇവിടെ 8452 ദശലക്ഷം നാളികേരം ഉത്പാദിപ്പിക്കുന്നെങ്കിലും ചകിരിയാകുന്നില്ല . അല്ലെങ്കിൽ ഇവിടുത്തെ തൊണ്ട് തമിഴ്നാട്ടിലേക്ക് പോകുന്നു. തെക്കൻ കേരളത്തിൽ അഞ്ചും പത്തും സെന്റ് ഭൂമിയും അതിൽ രണ്ടോ മൂന്നോ തെങ്ങുകളും ഉള്ളവരാണധികവും. നാളികേരമിടാൻ ആളിനെ ലഭിക്കാതായപ്പോൾ പലരും മഹാഗണി,തേക്ക്, പൂവരസ്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ വച്ച് തെങ്ങുകളില്ലാതാക്കി. മണ്ഡരി ഉൾപ്പെടെയുള്ള രോഗങ്ങൾ നാളികേരത്തിന്റ വലിപ്പം കുറച്ചു. വർദ്ധിച്ച ജോലിക്കൂലിയും വരുമാനക്കുറവും കാരണം തെക്കൻ കേരളത്തിൽ നാളികേരകൃഷിയും ഇല്ലാതായി. ഏറ്റവും കൂടുതൽ കയർ ഉത്പാദിപ്പിക്കുന്ന ആലപ്പുഴ ജില്ലയിൽ 219 ദശലക്ഷം നാളികേരമുള്ളപ്പോൾ മലപ്പുറത്ത് 947, കോഴിക്കോട് 852, കണ്ണൂരിൽ 645 കാസർകോട് 508 ദശലക്ഷം വീതം നാളികേരം ഉത്പാദിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ ചകിരി - കയർ വ്യവസായം ഉത്തരകേരളത്തിലേക്ക് മാറുകയാണ്.
പരമ്പരാഗത കയർമേഖലകളായ, അഞ്ചുതെങ്ങ്, കൊല്ലം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, കായംകുളം,ചേർത്തല, വൈക്കം മേഖലകളുടെ കുത്തക അവസാനിക്കും. ഒരാളിന് ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ചാണ് കയർ പിരിക്കുന്നത്. സർക്കാർ തന്നെ ഇത് സൊസൈറ്റികൾ വഴി നൽകുകയാണ്.
ചകിരി വ്യവസായം
ഇപ്പോൾ ആലപ്പുഴ ജില്ലയിലെ എല്ലാ സംഘത്തിനും കൂടി പ്രതിവർഷം എഴുപതിനായിരം ക്വിന്റൽ ചകിരിവേണം. തമിഴ്നാട്ടിൽ നിന്നും ഇടനിലക്കാരാണ് സംഘങ്ങൾക്ക് ചകിരി നൽകുന്നത്. പ്രതിമാസം എഴുപതുലോറി ചകിരിയാണ് എത്തുന്നത്. ക്വിന്റലിന് എണ്ണൂറു രൂപയാണ് വില. ഈ പശ്ചാത്തലത്തിലാണ് , കയർമേഖല പുനരുദ്ധരിക്കാൻ രൂപീകരിച്ച ആനത്തലവട്ടം കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. അന്ന് കയർവകുപ്പ് മന്ത്രിയായിരുന്ന ജി.സുധാകരൻ ആലപ്പുഴയിൽ കയർ മാട്രസിന്റെ സ്ഥലത്ത് കയർ നിർമ്മാണയന്ത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ടു. തുടർന്നുവന്ന മന്ത്രി അടൂർ പ്രകാശ് കൃത്യമായി അതു നടപ്പിലാക്കി. കയർമേഖലയെ പതുക്കെ യന്ത്രവത്കരിക്കാൻ തുടങ്ങി. മൂന്നുപേരെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന റാട്ടുകളുടെ സ്ഥാനത്ത് ഒരാളിന് മാത്രം പിരിയ്ക്കാവുന്ന ചെലവു കുറഞ്ഞ ഇലക്ട്രോണിക് റാട്ടുകളും ആ ഫാക്ടറിയിൽ നിർമിച്ച് വ്യാപകമാക്കി.
ഇതിനകം 16600 ഇലട്രോണിക് റാട്ടുകൾ സൊസൈറ്റികൾ വഴി തൊഴിലാളികൾക്ക് നൽകി. അപ്പോഴും ചകിരി തമിഴ്നാട്ടിൽ നിന്നുതന്നെ വരേണ്ട സ്ഥിതിയായിരുന്നു. ഇതിനെ അതിജീവിക്കാൻ യു.ഡി.എഫ് ഭരണകാലത്ത് ഇന്റഗ്രേറ്റഡ് കയർവ്യവസായ സഹകരണസംഘങ്ങൾ വന്നു. കയറിനൊപ്പം ചകിരി ഉത്പാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ ആലപ്പുഴയിൽത്തന്നെ 45 എണ്ണം തുടങ്ങി. തുടങ്ങിയത് മുഴുവൻ അന്ന് ഭരിച്ചിരുന്ന പാർട്ടിയുടെ ആൾക്കാരായിരുന്നു. ജവഹർ,പ്രിയദർശിനി ,എ .പി ഉദയഭാനു,തച്ചടി പ്രഭാകരൻ, കെ. കെ. ശ്രീനിവാസൻ ഇങ്ങനെ പോകുന്നു സൊസൈറ്റികളുടെ പേരുകൾ. ഇപ്പോൾ 30 എണ്ണത്തിന് മാത്രമേ പ്രവർത്തനാനുമതിയുള്ളൂ. സ്വന്തമായി സ്ഥലവും ഓഫീസുമില്ലാതെ സർക്കാർ ആനുകൂല്യങ്ങൾ പറ്റാൻ വേണ്ടി ഉണ്ടാക്കിയവയിൽ പതിനഞ്ചെണ്ണം പ്രവർത്തിക്കുന്നില്ലന്നു കണ്ടപ്പോൾ റദ്ദു ചെയ്തു. ഇവയൊന്നും കയർ ഫെഡിന്റെ കീഴിലല്ല.
കയർ സംഘങ്ങളും കയർഫെഡും
കയർസംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കയർ വാങ്ങുന്നത് കയർഫെഡാണ്. കയർ ഉത്പന്ന നിർമ്മാണത്തിനു ആവശ്യമായ കയർ നൽകേണ്ടതും ഉത്പാദന സംഘങ്ങൾക്ക് ചകിരി സംഭരിച്ച് നൽകേണ്ടതും കയർഫെഡാണ്. അറുനൂറു സൊസൈറ്റികളാണ് കയർഫെഡിന് കീഴിലുള്ളത് .
കയർ നിർമ്മാണം വർദ്ധിച്ചു
2016 - 17 ൽ ഒരു ലക്ഷം ക്വിന്റൽ കയർ ഉത്പാദിപ്പിച്ചിരുന്നത് 2018- 19 ആയപ്പോൾ ഒരുലക്ഷത്തിഅൻപത്തിയേഴു ക്വിന്റലായി വർദ്ധിച്ചു. കയർ വ്യവസായ സഹകരണ സംഘങ്ങൾ സഹകരണമേഖലയിൽ ഉണ്ടായിരുന്നതാണ്.
ഇറക്കുമതി അവസാനിപ്പിച്ച് ഇവിടെത്തന്നെ ചകിരിയും കയറും ഉത്പാദിപ്പിക്കാൻ ഇന്റഗ്രേറ്റഡ് കയർ വ്യവസായ സംഘങ്ങൾക്ക് 30 മെഷീനുകൾ നൽകാൻ കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനിക്ക് പണം കൊടുത്തു. അഞ്ചു വർഷമായിട്ടും യന്ത്രങ്ങൾ സ്ഥാപിച്ചിട്ടില്ല. പ്രതിദിനം എണ്ണായിരം തേങ്ങയുടെ തൊണ്ട് ചകിരിയാക്കാൻ കഴിവുള്ള 15 യന്ത്രങ്ങൾ ഫാക്ടറിയിൽ കെട്ടിക്കിടക്കുന്നു. 2, 90,000 മുതൽ നാലുലക്ഷം രൂപ വരെ വിലയുള്ള യന്ത്രങ്ങളാണ് പൊടിപിടിച്ചു കിടക്കുന്നത് . സ്വന്തമായി സ്ഥലമില്ലാത്ത സംഘങ്ങൾ 15 വർഷത്തേക്കുള്ള കരാർ ഒപ്പിട്ടെങ്കിലും , ത്രീ ഫെയ്സ് വൈദ്യുതി കണക്ഷൻ ലഭ്യമാക്കിയാലേ യന്ത്രങ്ങൾ നൽകാവൂ എന്ന് സർക്കാർ ഉത്തരവിറക്കി.
പല സംഘങ്ങൾക്കും യന്ത്രം എടുക്കാത്തത് അനുഗ്രഹമാണ് . എടുത്തു കഴിഞ്ഞാൽ പ്രവർത്തിപ്പിക്കണം , പ്രവർത്തിപ്പിക്കണമെങ്കിൽ ദിവസവും എണ്ണായിരം നാളികേരത്തിന്റെ തൊണ്ട് സംഭരിക്കണം. ആയിരം തൊണ്ടു പോലും സംഭരിക്കാൻ പ്രാപ്തിയുള്ളവരല്ല മിക്കവരും . സൊസൈറ്റികൾക്ക് പ്രവർത്തിക്കാൻ വേണ്ട നാളികേരം തെക്കൻ കേരളത്തിലില്ല.
പിന്നെ എന്തിന് ഇത്രയും യന്ത്രങ്ങൾക്ക് അനുമതി കൊടുത്തു എന്ന ചോദ്യത്തിന് മുൻ സർക്കാരാണ് ഓർഡർ നൽകിയതെന്നായിരുന്നു മറുപടി. ഈ സർക്കാർ വന്നിട്ടും ഒരു മെഷീൻപോലും പ്രവർത്തിപ്പിക്കാൻ കയർഫെഡ് തയാറായില്ല.
തെക്കൻ കേരളത്തിന്റെ കുത്തകയായിരുന്ന കയർവ്യവസായം മലബാർ മേഖലയിലേക്കു മാറ്റപ്പെടുകയാണ്. മലബാർ മേഖലയിലുള്ളവർ നാളികേര / തൊണ്ട് സംഭരണത്തിന് സംവിധാനമുണ്ടാക്കിക്കഴിഞ്ഞു. വലിയ ചകിരി നിർമ്മാണയന്ത്രങ്ങൾ സ്ഥാപിച്ച് കയറുപിരിയും യന്ത്രവത്കരിക്കുന്നതോടെ കയർത്തൊഴിലാളികൾക്ക് ജോലിയില്ലാതെയാകും. കയർമേഖല മെച്ചപ്പെടുത്താൻ രൂപീകരിച്ച ആനത്തലവട്ടം ആനന്ദൻ കമ്മിറ്റി ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തേണ്ടതല്ലേ ?
ലേഖകന്റെ ഫോൺ : 9447057788