ഇത്തവണത്തെ ഓണം ആഘോഷമാക്കാൻ കൗമുദി ടി.വിയോടൊപ്പം എത്തുന്നൂ മലയാളത്തിന്റെ പ്രിയ താരം ഭാമ. ഓണം അടിച്ചുപൊളിക്കാനുള്ള തയാറെടുപ്പുമായി പുറത്തിറങ്ങിയ കൗമുദി ടി.വിയുടെ ഓണം പ്രോമോയായ 'താളം മേളം പൊന്നോണ'ത്തിലാണ് അസൽ മലയാളി ഗെറ്റപ്പിൽ ഭാമ എത്തുന്നത്. ഇത്തവണത്തെ ഓണത്തിന് പ്രേക്ഷകർക്കായി ഏറ്റവും മികച്ച ദൃശ്യ വിരുന്നാണ് കൗമുദി ടി.വി ഒരുക്കുന്നത്. ഇതിന്റെ മുന്നൊരുക്കം മാത്രമാണ് ഇന്നലെ പുറത്തിറങ്ങിയ ഓണം പ്രോമോ.കൗമുദി ടി.വിയുടെ ഓണ പരിപാടികളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ഭാമ. ഏറെ നാളുകൾക്ക് മുൻപ് താൻ സ്നേഹിച്ച പുരുഷനോടൊപ്പം വീട് വിട്ടിറങ്ങിയ പെൺകുട്ടി തിരികെ ഗ്രാമഭംഗി തുളുമ്പുന്ന തന്റെ നാട്ടിലേക്കും, താൻ പിച്ച വച്ച വീട്ടിലേക്കും എത്തുന്നതാണ് 'താളം മേളം പൊന്നോണ'ത്തിന്റെ പ്രമേയം.
താൻ വിട്ടുപിരിഞ്ഞ തന്റെ മുത്തച്ഛന്റേയും മാതാപിതാക്കളുടെയും അടുത്തേക്ക് എത്തുന്ന പെൺകുട്ടി തന്റെ നാടിന്റെ നന്മയിലേക്കും വർണകാഴ്ചകളിലേക്കും ഇഴുകി ചേരുന്നതായാണ് പ്രൊമോയിൽ ഉള്ളത്. മലയാളികളുടെ 'ദേശീയ' ആഘോഷവുമായ ഓണത്തിന്റെ സകല സൗന്ദര്യവും, നാട്ടിൻപുറത്തിന്റെ വിശുദ്ധിയും തനിമയും നിറഞ്ഞുനിൽക്കുന്ന 'താളം മേളം പൊന്നോണം' സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. യൂട്യൂബിൽ മാത്രം മുപ്പത്തിമൂവായിരത്തിലധികം ആൾക്കാരാണ് പ്രോമോ കണ്ടത്.
ഇത്തവണ വൻ പരിപാടികളുമായാണ് കൗമുദി ടി.വി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ടിക് ടോക്കിലെ പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന ഓണ പരിപാടി, നോബി, ഉല്ലാസ് പന്തളം, നെൽസൺ എന്നിവർ എത്തുന്ന നാല് സിറ്റ്കോമുകൾ, ജോസ് ആലുക്കാസും കുടുംബവുമൊത്തുള്ള പരിപാടി, മലയാള സിനിമയിലെ ഗായകർ അണിനിരക്കുന്ന 'പാട്ടും പായസവും', ആലത്തൂർ എം.പി രമ്യ ഹരിദാസും പ്രസീതയും ഒന്നിക്കുന്ന നാടൻപാട്ട് പരിപാടി, എറണാകുളം എം.പി ഹൈബി ഈഡനും കുടുംബവും ഒന്നിക്കുന്ന അഭിമുഖംഎന്നിവയാണ് കൗമുദി ടി.വി പ്രേക്ഷകർക്കായി ഒരുക്കുന്നത്, ഇതുകൂടാതെ ഷെയ്ൻ നിഗം, ഉണ്ണി മുകുന്ദൻ, രജിഷ വിജയൻ, അജു വർഗീസ്, ഒമർ ലുലു, നാദിർഷ എന്നിവരും ഓണം ആഘോഷിക്കാൻ കൗമുദി ടി.വിയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.