abinandan

ന്യൂഡൽഹി: വിംഗ് കമന്റർ അഭിനന്ദൻ വർദ്ധമാൻ എയർ ചീഫ് മാർഷൽ ബി. എസ് ധനോവയ്ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി. പഠാൻകോട്ട് എയർബേസിൽവച്ചാണ് ഇരുവരും ചേർന്ന് വിമാനം പറത്തിയത്. കഴിഞ്ഞമാസമാണ് അഭിനന്ദന് വ്യോമസേന വിമാനം പറത്താനുള്ള അനുമതി നൽകിയത്.

ഫെബ്രുവരിയിൽ പാകിസ്ഥാനിലെ ബാലകോട്ടിലെ തീവ്രവാദ ക്യാമ്പിലെ വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ ഒരു എഫ് -16 വിമാനം അഭിനന്ദൻ തകർത്തിരുന്നു. അഭിനന്ദന്റെ മിഗ് -21 യുദ്ധവിമാനം പാകിസ്ഥാൻ സൈന്യം വെടിവച്ചിടുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് മാർച്ച് ഒന്നിനാണ് ഇന്ത്യയുടേയും അന്താരാഷ്ട്രങ്ങളുടെയും സമ്മർദ്ദങ്ങൾക്കൊടുവിൽ അഭിനന്ദനെ വിട്ടയച്ചത്. മാസങ്ങൾ നീണ്ട ചികിത്സകൾക്കൊടുവിൽ ബംഗളൂരുവിലെ ഐ.എ.എഫ് എയ്റോസ്പേസ് മെഡിസിൻ വിഭാഗമാണ് പറക്കുന്നതിനുള്ള ലൈസൻസ് നൽകിയത്. അഭിനന്ദന് സ്വാതന്ത്രദിനത്തിൽ രാജ്യം വീർചക്ര നൽകി ആദരിച്ചിരുന്നു.

1999ലെ കാര്‍ഗിൽ യുദ്ധസമയത്ത് പതിനേഴാം സ്ക്വാഡ്രണിന്‍റെ തലവനായിരുന്നു മിഗ് 21 പൈലറ്റായ ബി. എസ് ധനോവ. എയർ ചീഫ് മാർഷൽ ധനോവയുടെ അവസാന യുദ്ധവിമാനം പറപ്പിൽ കൂടിയായിരുന്നു ഇത്. അഭിനന്ദനൊപ്പം യുദ്ധവിമാനം പറത്താനായതിൽ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ രണ്ടുപേരും പാകിസ്ഥാനെതിരെ യുദ്ധം ചെയ്തവരാണ്. മുമ്പ് യുദ്ധവിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി ഞാൻ രക്ഷപ്പെട്ടിട്ടുണ്ട്. ആ സംഭവം കഴിഞ്ഞ് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് എനിക്ക് യുദ്ധവിമാനം പറത്താനുള്ള ശാരീരിക ക്ഷമതയും അനുമതിയും ലഭിച്ചത്. എന്നാൽ അഭിനന്ദൻ ആറുമാസം കൊണ്ട് തിരികെ വന്നു. അഭിനന്ദന്റെ പിതാവിനൊപ്പം ഞാൻ യുദ്ധവിമാനം പറത്തിയിട്ടുണ്ട്. അവസാനത്തെ യുദ്ധവിമാനം പറത്തൽ അദ്ദേഹത്തിന്റെ മകനൊപ്പമായതിൽ സന്തോഷമുണ്ട്​'- എയർ ചീഫ് മാർഷൽ ധനോവ പറഞ്ഞു.

Indian Air Force (IAF) chief Air Chief Marshal BS Dhanoa and Wing Commander Abhinandan Varthaman flew in the trainer version of the MiG-21 Type 69 fighter Aircraft, earlier today. This was also the last sortie of the IAF Chief in a combat aircraft. pic.twitter.com/T2qFWLgT7w

— ANI (@ANI) September 2, 2019

ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സൈനികർ ചാവേർ ആക്രമണത്തിൽ വീരമൃത്യു വരിച്ചിരുന്നു. പ്രതികാരമായി വ്യോമസേന പാകിസ്ഥാൻ അതിർത്തി ലംഘിച്ച് ബാലകോട്ടിലെ ജയ്ഷ് ഇ മുഹമ്മദിന്റെ ക്യാമ്പിൽ ബോംബെറിഞ്ഞ് തകർത്തിരുന്നു.