online-food

തിരുവനന്തപുരം: തിരുവോണത്തലേന്ന് മലയാളികൾക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. തിരുവോണ സദ്യവട്ടത്തിനുള്ളതെല്ലാം വാങ്ങണം, ശേഖരിക്കണം. സദ്യ കെങ്കേമമാക്കണം. അതിന്റെ ആധി തിരുവോണ തലേന്ന് വീട്ടമ്മമാർക്കെല്ലാം ഉണ്ടാവും. ഉത്രാടപ്പാച്ചിലിന്റെ തിരക്കിലായിരിക്കും അപ്പോൾ നാടുംനഗരവുമൊക്കെ. ഇപ്പോഴും പരമ്പരാഗത രീതിയിൽ സദ്യ ഒരുക്കുന്നവർ ധാരാളമുണ്ട്. എങ്കിലും അടുക്കളച്ചൂട് കൊള്ളാതെ ഓണമൊരുക്കാൻ സാധിച്ചാലോ.. മൊബൈലിൽ വിരലൊന്ന് അമർത്തിയാൽമതി. തൂശനിലയും ഇഞ്ചിയും ഉപ്പേരിയും വിവിധതരം പായസവുമൊക്കെയായി സദ്യ വീട്ടിലെത്തും. അതാണ് 'ഓൺലൈൻ സദ്യ'.

ഇക്കുറിയും ഹോട്ടലുകളിൽ നിന്ന് ഓൺലൈൻവഴി സദ്യ വീട്ടിലെത്തിക്കുന്നവരുടെ എണ്ണം കൂടുമെന്ന് ഉറപ്പാണ്. ഭക്ഷണമെന്തും വീട്ടുപടിക്കലെത്തിക്കുന്ന ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലകൾ കഴിഞ്ഞ കൊല്ലത്തെക്കാൾ ഇപ്പോൾ കൂടുതലാണ്. അതിനാൽ, ഇക്കുറി ഓൺലൈൻ ഓണസദ്യയും ഹിറ്റ് തന്നെയായിരിക്കും. ഇഷ്ടമുള്ള ഹോട്ടലിൽ നിന്ന് ഓണസദ്യ ഓൺലൈൻ വഴി ബുക്ക് ചെയ്താൽ നിമിഷങ്ങൾക്കകം വീട്ടിലെത്തും. അടുക്കളയിൽ ഗ്യാസിന്റെ ചൂട് കൊള്ളണ്ട, വിയർത്തൊലിക്കണ്ട. ഉച്ചയാകുമ്പോൾ തീൻമേശയിൽ ഇലയിടുക, കറികളടക്കം വിളമ്പി സദ്യയുണ്ണുക എന്ന ജോലി മാത്രം.

വീടുകളിൽ മാത്രമല്ല, ജോലിത്തിരക്ക് കാരണമോ മറ്റോ വീട്ടിൽ എത്താൻ കഴിയാത്തവർക്കും നല്ല ഒന്നാന്തരം ഓണസദ്യ ഇതുവഴി എത്തിക്കാനാവും. എണ്ണവും പ്രശ്നമല്ല, ഒന്നോ, അൻപതോ.. എത്രയായാലും പറയുന്ന സ്ഥലത്ത് ഓണസദ്യയെത്തും. നഗരങ്ങളിൽ മാത്രമല്ല, ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലകൾ ഉള്ളതിനാൽ ഓൺലൈൻ സദ്യയ്ക്ക് ഇക്കുറി നഗര, ഗ്രാമ ഭേദങ്ങളുണ്ടാവില്ല. ഇതുകൂടാതെ ചില ഹോട്ടലുകൾ സ്വന്തം നിലയിലും ഓണസദ്യ വീട്ടിലെത്തിച്ച് നൽകാറുണ്ട്. ചില കാറ്ററിംഗ് സ്ഥാപനങ്ങളും ഹോംഡെലിവറി ഓണസദ്യ ഓഫർ ചെയ്യുന്നുണ്ട്. നേരിട്ടെത്തിയും ഓണസദ്യ കഴിക്കുന്നതിനുള്ള സൗകര്യം പല ഹോട്ടലുകളിലുമുണ്ടാവും. സാദാ സദ്യമുതൽ സ്‌പെഷ്യൽ സദ്യവരെ ലഭിക്കും. കറികളുടേയും പായസങ്ങളുടേയും എണ്ണത്തിനനുസരിച്ച് റേറ്റിൽ വ്യത്യാസമുണ്ടാവുമെന്ന് മാത്രം. 150 രൂപാ മുതൽ തുടങ്ങുന്ന ഓണസദ്യയുണ്ട്. പല ഹോട്ടലുകളും ഇപ്പോഴേ ബുക്കിംഗ് തുടങ്ങി. തിരുവോണത്തിന് മാത്രമല്ല, അതിനുമുമ്പും ശേഷവുമൊക്കെ ഓൺലൈൻ വഴി ഓണസദ്യ വീട്ടിലെത്തിച്ച് കഴിക്കാനുള്ള സൗകര്യവുമുണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ ഇക്കുറി ഓൺലൈൻ സദ്യയുടെ ഡിമാന്റ് കൂടുമെന്നാണ് കണക്കുകൂട്ടൽ.