food

എവിടെ കിട്ടും കുടുക്കാച്ചി ബിരിയാണി’? ഒരു വൈറലായ പാട്ടിന് ശേഷം മലയാളികൾ അന്വേഷിച്ചു നടന്ന ഭക്ഷണമാണ് കുടുക്കാച്ചി ബിരിയാണി. സയനോരയുടെ കണ്ണൂർപ്പാട്ടാണ്‌ ഈ അന്വേഷണത്തിന്‌ വഴിതുറന്നത്‌. കണ്ണൂരിന്റെ നാടൻഭാഷയുടെ തനിമയും ശ്രവണസ്വാദും മുഴുകിയ ഈ പാട്ട് ലോകമെങ്ങും 30 ലക്ഷത്തിലധികം മലയാളികളാണ്‌ കണ്ടത്. എന്നാൽ ഈ കുടുക്കാച്ചി ബിരിയാണി എവിടെ കിട്ടും എന്ന കാര്യത്തിൽ ആർക്കും ഒരു പിടിയില്ല. എന്നാൽ നമുക്ക് ഇന്ന് ഈ ബിരിയാണിയുടെ രുചിക്കൂട്ട് ഒന്നു പരിചയപ്പെട്ടാലോ?​ മഡ് ക ബിരിയാണി പോലൊരു ബിരിയാണി കൂട്ടാണിത്. കുഞ്ഞു മൺകുടമുണ്ടെങ്കിൽ വീട്ടിൽ തന്നെ കുടുക്കാച്ചി ബിരിയാണി തയാറാക്കാം. സെർവ് ഇറ്റ് ലൈക്ക് ഷാനി എന്ന യുട്യൂബ് ചാനലാണ് കുടുക്കാച്ചി ബിരിയാണിയുടെ രുചിക്കൂട്ട് പരിചയപ്പെടുത്തുന്നത്.

ആവശ്യമായ ചേരുവകൾ

#ബസ്മതി റൈസ് - 2 ഗ്ലാസ്
#ചിക്കൻ - 250 ഗ്രാം
#സവാള - 2 എണ്ണം
#തക്കാളി – 1
#ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
#പച്ചമുളക് ചതച്ചത് – 1 ടേബിൾ സ്പൂൺ
#മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
#ഗരം മസാല – 1 ടീസ്പൂൺ
#ഉപ്പ് – ആവശ്യത്തിന്
#നെയ്യ് – 2 ടേബിൾസ്പൂൺ
#വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
#നാരങ്ങ – 1
#മല്ലിയില
#പുതിന
#ബദാം – 5 എണ്ണം (വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കണം)
#കുങ്കുമപ്പൂവ് – ഒരു നുള്ള്
#കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക

തയ്യാറാക്കുന്ന വിധം

ചിക്കൻ കഷണങ്ങളിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചതച്ചത്, മഞ്ഞൾപ്പൊടി, ഉപ്പ്, ഗരം മസാല, തൈര് എന്നിവ ചേർത്ത് യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക. ഒരു പാത്രത്തിൽ അരി വേവിക്കാൻ വേണ്ട വെള്ളത്തിൽ കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേർക്കാം തിളച്ചു വരുമ്പോൾ അരി ചേർത്ത് വേവിച്ചെടുക്കാം. ഒട്ടിപിടിക്കാതിരിക്കാൻ ഒരു ടീസ്പൂൺ എണ്ണ ചേർക്കാം. അരി വെന്ത ശേഷം വെള്ളം വാർത്ത് ചോറ് മാറ്റി വയ്ക്കാം.

മസാല തയാറാക്കാൻ ചെറിയ മൺകലം അടുപ്പിൽ വച്ച് ചൂടായിക്കഴിയുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് നെയ്യും ചേർക്കാം, ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റാം. തക്കാളിയും ചേർത്ത് യോജിപ്പിക്കുക. മാരിനേറ്റ് ചെയ്തിരിക്കുന്ന ചിക്കൻ ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം. മല്ലിയിലയും പുതിനയിലയും ഇതിലേക്ക് ചേർക്കാം. ദം ചെയ്‌തെടുക്കാൻ ഇതിനുമുകളിലേക്ക് റൈസ് ചേർക്കാം. അതിനു മുകളിലേക്ക് മല്ലിയിലയും പുതിനയിലയും കുങ്കുമപ്പൂ ചേർത്ത പാലും ബദാം അരച്ചതും നിരത്താം. അതിനുമുകളിൽ ഒരു ലെയർ ചോറു കൂടി ഇട്ട് ഇതേ രീതിയിൽ ഒരു ലെയർ കൂടി ചെയ്യാം. വാഴയില കൊണ്ട് മൂടി, അതിനുമുകളിൽ അലുമിനിയം ഫോയി കൊണ്ട് നന്നായി കവർ ചെയ്ത് ബിരിയാണി കുടുക്ക തയാറാക്കാം. ഇതി ചെറു തീയിൽ 40 മിനിറ്റ് വയ്ക്കാം.