കണ്ണൂർ: മുഷ്ടി ഉപയോഗിച്ചല്ല, ബുദ്ധി ഉപയോഗിച്ചാണ് പൊലീസ് മികവു കാണിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 31-ാം സംസ്ഥാന സമ്മേളനം മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വളരെ ശാസ്ത്രീയമായ രീതിയിൽ കുറ്റാന്വേഷണം നടത്തുന്ന നിരവധി മിടുക്കരായ ഉദ്യോഗസ്ഥരുണ്ട് പൊലീസിൽ. എന്നാൽ പൊലീസ് ചെയ്യുന്ന നല്ല കാര്യങ്ങൾ മുഴുവൻ ചെറിയൊരു വിഭാഗം കാണിക്കുന്ന മൂന്നാംമുറ പോലുള്ള പ്രവർത്തനം കൊണ്ട് തമസ്കരിക്കപ്പെടുന്നു. പൊലീസുകാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ സാധാരണക്കാരൻ സാമാന്യ ബുദ്ധി ഉപയോഗിച്ച് മനസിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
1957ലെ ആദ്യ ഇ.എം.എസ് സർക്കാർ അംഗീകരിച്ച പൊലീസ് നയത്തിൽ തന്നെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കിയതാണ്. ശരി ചെയ്താൽ പൊലീസിന്റെ സംരക്ഷണത്തിന് സർക്കാർ ഒപ്പമുണ്ടാകും. തെറ്റ് ചെയ്താൽ മുഖം നോക്കാതെ നടപടിയുമുണ്ടാകും. അന്വേഷണത്തിൽ തത്പരകക്ഷികൾ നയിക്കുന്ന വഴിയിലൂടെയല്ല സഞ്ചരിക്കേണ്ടത്. അന്വേഷണ വിവരങ്ങൾ ചോർത്തുന്നത് കുറ്റവാളികൾക്ക് സഹായമാകും. ഉന്നതരെ സംരക്ഷിക്കുന്ന ഏർപ്പാട് പൊലീസിൽ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മൃദു ഭാവേ ദൃഢ കൃത്യേ'യെന്ന ആപ്തവാക്യത്തിലൂടെ കേരള പൊലീസ് നേടിയെടുത്ത മികവാകെ സമീപകാലത്തുണ്ടായ ഒരൊറ്റ സംഭവത്തിലൂടെ ഇടിഞ്ഞുപോയെന്നും ശ്രീറാം വെങ്കിട്ടരാമന്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു.
റോഡ് അപകടക്കേസുകളിൽ നല്ല നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിൽ കേസ് ഫയൽ ചെയ്യാൻ ചില ഉദ്യോഗസ്ഥർ ഒരു വിഹിതം ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ പ്രവണതകൾ അവസാനിപ്പിക്കണം. കണ്ടുപിടിച്ചാൽ ആ സ്ഥാനത്തു മാത്രമല്ല, സർവീസിലും ഉണ്ടാവില്ലെന്ന് ഓർക്കണം-മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ജില്ലാ പൊലീസ് ചീഫ് പ്രതീഷ് കുമാർ, പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, സി.ആർ. മനോജ് കുമാർ, കെ.എസ്. ഔസേപ്പ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സി.ആർ. ബിജു സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി. രമേശൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.