apache

ന്യൂഡൽഹി: ഇന്ത്യ അമേരിക്കയിൽ നിന്നു വാങ്ങുന്ന 22 അപ്പാഷെ എ.എച്ച്-64 ഇ ആക്രമണ ഹെലികോപ്ടറുകളിൽ എട്ടെണ്ണം ഇന്ന് വ്യോമസേനയുടെ ഭാഗമാകും. പത്താൻകോട്ടിലെ വ്യോമസേനാ താവളത്തിൽ നടക്കുന്ന ചടങ്ങിലാണ് ഹെലികോപ്ടറുകൾ ഔദ്യോഗികമായി കൈമാറുക. എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ മുഖ്യാതിഥിയാകും.

ആദ്യ ഘട്ടമായി 4 ഹെലികോപ്ടറുകൾ ജൂലായ് 27ന് ഇന്ത്യയിൽ എത്തിച്ചിരുന്നു. 2020 ഓടുകൂടി മുഴുവൻ ഹെലികോപ്ടറുകളും വ്യോമസേനയ്ക്ക് സ്വന്തമാകും.

റഷ്യൻ നിർമ്മിത എം.ഐ-25, എം.ഐ-23 ഹെലികോപ്ടറുകളാണ് ഇന്ത്യൻ വ്യോമസേന നിലവിൽ യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്. അപ്പാഷെ ഫ്ളീറ്റും സജ്ജമാകുന്നതോടെ സേനയ്ക്ക് വലിയ മുതൽക്കൂട്ടാകും.

അമേരിക്കൻ വ്യോമസേനയുടെ അഭിമാന പോരാളിയാണ് അപ്പാഷെ എ.എച്ച് - 64 ഇ. ഇവ വാങ്ങാനായി 2015 സെപ്തംബറിലാണ് അമേരിക്കൻ വിമാനക്കമ്പനിയായ ബോയിംഗ് ലിമിറ്റഡുമായി ഇന്ത്യ കരാറൊപ്പിട്ടത്. 6800 കോടി രൂപയുടെ ഇടപാടണിത്. ഇതുകൂടാതെ, ആയുധ സംവിധാനമുൾപ്പെടെ (ഹെൽഫയർ മിസൈൽ സഹിതം) ആറ് അപ്പാഷെ ഹെലികോപ്ടറുകൾ കൂടി വാങ്ങാൻ 2017ലും ബോയിംഗുമായി കരാറൊപ്പിട്ടു. 4168 കോടിയുടേതാണ് ഈ കരാർ. അപ്പാഷെ ഹെലികോപ്ടറുകളുടെ സേവനം പ്രയോജനപ്പെടുത്തുന്ന 14-ാമത്തെ രാജ്യമാണ് ഇന്ത്യ.

ഹെലികോപ്ടർ പറത്താൻ വ്യോമസേനാംഗങ്ങളിൽ തിരഞ്ഞെടുത്തവർക്ക്‌ യു.എസ് സൈന്യം പരിശീലനം നൽകുന്നുണ്ട്.

കൂടുതൽ സൈനികരെയും ആയുധങ്ങളും ഇന്ധനവും വളരെ പെട്ടെന്ന്‌ യുദ്ധമുഖത്തേക്കെത്തിക്കാൻ സഹായിക്കുന്ന ചിനൂക് ഹെലികോപ്ടറുകൾ വ്യോമസേന ബോയിംഗിൽ നിന്ന് നേരത്തേ വാങ്ങിയിരുന്നു.

കിടിലൻ പോരാളി

 അത്യാധുനിക ആക്രമണ സംവിധാനമുള്ളതാണ് അപ്പാഷെ ഹെലികോപ്ടർ

 ഇതിലെ ഹെൽഫയർ മിസൈൽ ശത്രുവിനെ ഞൊടിയിടയിൽ തകർക്കും

 മിനിട്ടിൽ 128 ലക്ഷ്യം വരെ കണ്ടെത്താനുള്ള ശേഷി ഇതിലെ റഡാറിനുണ്ട്

 ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം, ആകാശത്തും കരയിലും കൃത്യത