തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിഷയത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തെ പി.എസ്.സി റാങ്ക് ലിസ്റ്റുകൾ പരിശോധിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് പി.എസ്.സി സെക്രട്ടറിക്ക് കത്തയിച്ചിട്ടുണ്ട്. മറ്റ് പരീക്ഷകളിലും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണിത്. കേസിൽ സമഗ്രാന്വേഷണം വേണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ ഈ നടപടി. ക്രൈം ബ്രാഞ്ചിന്റെ ഈ നടപടി ക്രമങ്ങൾ പ്രോസിക്യൂഷൻ ഹൈകോടതിയെ അറിയിക്കും.
അതേസമയം, കീഴടങ്ങിയ പി.എസ്.സി ക്രമക്കേടിലെ മുഖ്യപ്രതിയും എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനുമായ ഗോകുലിനെ ഉദ്യോഗത്തിൽ നിന്നും സ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് അഞ്ചാംപ്രതി ഗോകുൽ കീഴടങ്ങിയത്. സെപ്തംബർ 16 വരെ ഗോകുലിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ഗോകുലിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. സെപ്തംബർ 16 വരെയാണ് ഗോകുലിനെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.