മഹാദേവന്റെയും പാർവതി ദേവിയുടെയും പ്രിയപുത്രനായ ഗണപതിഭഗവാന്റെ ജന്മദിവസമാണ് വിനായക ചതുർത്ഥി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുർത്ഥി ആഘോഷിച്ചുവരുന്നത്. ലോകത്തെമ്പാടുമുള്ള ഗണപതി ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുർത്ഥി ദിനത്തിൽ ആചരിച്ചുവരുന്നത്. കേരളത്തിലും വിനായക ചതുർത്ഥി ഏറെ വിശേഷപ്പെട്ടതാണ്. തിരുവനന്തപുരത്തെ മഹാക്ഷേത്രമായ പഴവങ്ങാടിയിലടക്കം ഈ ദിനം വളരെ പ്രത്യേകതയാർന്ന പൂജകൾ നടന്നുവരുന്നു. അത്തരത്തിൽ ഒന്നുതന്നെയാണ് മരുതംകുഴി കൊച്ചാർ മഹാഗണപതി ക്ഷേത്രവും.
തിരുവനന്തപുരത്ത് നഗരഭാഗത്ത് നിന്നും തെല്ലുമാറി മരുതംകുഴി എന്ന പ്രദേശത്താണ് കൊച്ചാർ ഗണപതി ക്ഷേത്രം നിലകൊള്ളുന്നത്. മരുതംകുഴിയെന്നും കൊച്ചാറെന്നും അറയപ്പെടുന്ന കിള്ളിയാറിന്റെ കരയിലാണ് മഹാഗണപതിയുടെ സ്വയംഭൂ പ്രതിഷ്ഠയുള്ളത്.പരമശിവൻ ഉപദേവനായി പരിലസിക്കുന്നു എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. കൂടാതെ നാഗരാജാവ്, നാഗയക്ഷി, ശ്രീചക്രം, ഭഗവതി എന്നീ ഉപദേവതമാർക്കും ക്ഷേത്രത്തിൽ പ്രത്യേകസ്ഥാനം നൽകിയിട്ടുണ്ട്.
കൊച്ചാർ ഗണപതിയുടെ ഐതിഹ്യം
ഇന്ന് കൊച്ചാർ ഗണപതി ക്ഷേത്രം കുടികൊള്ളുന്നിടത്ത് ഒരു ആൽമരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സമീപത്തെ മണൽ ഇഷ്ടികക്കളത്തിലെ തൊഴിലാളികൾ ആൽമരച്ചുവട്ടിൽ പതിവായി പൂജകൾ നടത്തിപ്പോന്നിരുന്നു. ഒരിക്കൽ മരുതുംകുഴിയാറിൽ കുളിക്കാനിറങ്ങിയ സമീപവാസികളായ കുട്ടികളിൽ ഒരാളുടെ കാലിൽ ഒരു ഗണപതി വിഗ്രഹം തടഞ്ഞു. അന്ന് മുതൽ ആ വിഗ്രഹത്തെ ആൽമരച്ചുവട്ടിൽ വച്ച് ഇവിടുത്തുകാർ പൂജിക്കാൻ തുടങ്ങി. കാലക്രമേണ ഇന്ന് കാണുന്ന തരത്തിൽ ആ സ്ഥലം കൊച്ചാർ മഹാഗണപതി ക്ഷേത്രമായി രൂപാന്തരപ്പെടുകയായിരുന്നു.
പത്മനാഭസ്വാമിയും കൊച്ചാർ ഗണപതിയും
രാജഭരണകാലത്തെ തിരുവിതാംകൂറിന്റെ നഗരപെരുമയെ ഓർമ്മപ്പെടുത്തുന്ന ചരിത്രപ്രധാനമായ ഇടംകൂടിയാണ് കൊച്ചാർ.പണ്ടുകാലത്ത മരുതംകുഴി അണ എന്നാണ് കൊച്ചാർ അറിയപ്പെട്ടിരുന്നത്.അന്ന് കിള്ളിയാറിൽ പണികഴിപ്പിച്ച അണക്കെട്ട് ഇപ്പോഴും കാണാൻ സാധിക്കും. തിരുവനന്തപുരത്തെ പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമിക്കേത്രത്തിലെ അമ്പലക്കുളത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് കൊച്ചാറിലെ കൈത്തോട് വഴിയായിരുന്നു. തിരുവിതാംകൂറിന്റെ സൃഷ്ടാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് കോട്ടയ്ക്കകത്തെ പത്മതീർത്ഥകുളത്തിലേക്ക് കിള്ളിയാറ്റിൽ നിന്ന് ശുദ്ധജലം കൊണ്ടുവരുന്നതിന് നടപടി തുടങ്ങിയത്. ഇതിനുവേണ്ടിയായിരുന്നു ഈ അണക്കെട്ട് നിർമ്മിച്ചത്. ഇടപ്പഴഞ്ഞി,ജഗതി,വലിയശാല, മേലെ പഴവങ്ങാടി, തകരപ്പറമ്പ് എന്നിവിടങ്ങൾ വഴിയാണ് കൊച്ചാർ പദ്മതീർത്ഥത്തിലേക്ക് എത്തിയിരുന്നത്. ക്ഷേത്രാരാധനയ്ക്കുള്ള പൂക്കൾക്കായി നന്ദാവനം എന്ന ഉദ്യാനം പരിപാലിച്ചിരുന്നു. ഈ ഉദ്യാനത്തിനും ക്ഷേത്രത്തിലെ ഗോക്കൾക്കും തോട്ടങ്ങൾക്കും കൊച്ചാർ വഴിയായിരുന്നു വെള്ളം എത്തിച്ചിരുന്നത്. ഈ ജലസേചന മാർഗങ്ങൾ അടഞ്ഞുപോയതാണ് തിരുവനന്തപുരത്തെ പല പ്രദേശങ്ങളിലേയും വെള്ളപ്പൊക്കത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രവഴിപാടുകൾ
ഉണ്ണിയപ്പം മൂടൽ, ലഡുമൂടൽ, ഉണ്ണിയപ്പംമാല,മോദകനിവേദ്യം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ഭക്തർ അവരുടെ ഇഷ്‌ടകാര്യ സിദ്ധിക്കായി ഭഗവാന് ഈ വഴിപാടുകൾ നടത്തി പോരുന്നു. കൊഴുക്കട്ട പൊങ്കാലയാണ് ഗണപതിയുടെ ഇഷ്ട നിവേദ്യം. കൂടാതെ ഇവിടുത്തെ കർക്കടകവാവ് ബലിതർപ്പണവും ഏറെ പ്രത്യേകകതകൾ നിറഞ്ഞതാണ്. വർഷംതോറും ഇവിടേക്കുള്ള ഭതക്തജനങ്ങളുടെ എണ്ണം ഇരട്ടിച്ച് വരികയാണെന്ന് ക്ഷേത്രം മേൽശാന്തി ദാമോദര ശർമ്മ പറയുന്നു.
ക്ഷേത്രത്തിലെത്താൻ
തിരുവനന്തപുരം കിഴക്കേകോട്ട ബസ് സ്‌റ്റാൻഡിൽ നിന്ന് വെള്ളയമ്പലം, ശാസ്‌തമംഗലം മരുതംകുഴി വഴിയുള്ള ബസ് സർവീസുകൾ നിരവധിയാണ്. മരുതംകുഴിയിൽ നിന്ന് കൊച്ചാറിലേക്ക് നടന്നു പോകുന്നതിന് കേവലം മിനുട്ടുകൾ മാത്രമേ വേണ്ടിവരികയുള്ളു.