ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം അതിരൂക്ഷമെന്ന് വ്യക്തമാക്കി ജൂലായിൽ മുഖ്യ വ്യവസായ വളർച്ച കുത്തനെ ഇടിഞ്ഞു. 2018 ജൂലായിലെ 7.3 ശതമാനത്തിൽ നിന്ന് 2.1 ശതമാനത്തിലേക്കാണ് വളർച്ച കൂപ്പുകുത്തിയത്. ഇന്ത്യയുടെ മുഖ്യ വ്യവസായ ഉത്പാദന സൂചികയിൽ (ഐ.ഐ.പി) 40 പങ്കുവഹിക്കുന്നത് മുഖ്യ വ്യവസായ മേഖലയാണ്.
നടപ്പു സാമ്പത്തിക വർഷത്തെ (2019-20) ആദ്യ പാദമായ ഏപ്രിൽ - ജൂണിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളർച്ച ഏഴു വർഷത്തെ താഴ്ചയായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. നടപ്പു പാദത്തിലും (ജൂലായ് - സെപ്തംബർ) സ്ഥിതി ദയനീയമാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൽക്കരി, ക്രൂഡോയിൽ, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്.
2018 ജൂലായിയെ അപേക്ഷിച്ച് വളം 1.5 ശതമാനം, സ്റ്റീൽ 6.6 ശതമാനം, സിമന്റ് 7.9 ശതമാനം, വൈദ്യുതി 4.2 ശതമാനം എന്നിങ്ങനെ വളർന്നു. എന്നാൽ ക്രൂഡോയിൽ, കൽക്കരി, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ എന്നിവ നെഗറ്റീവ് വളർച്ച കുറിച്ചത് തിരിച്ചടിയായി. നടപ്പുവർഷം ഏപ്രിൽ - ജൂലായിൽ മുഖ്യ വ്യവസായ വളർച്ച മൂന്നു ശതമാനമാണ്. 2018-19ലെ സമാന കാലയളവിൽ വളർച്ച 5.9 ശതമാനം ആയിരുന്നു.
ജൂണിനേക്കാൾ മെച്ചം
മുഖ്യ വ്യവസായ വളർച്ച ജൂണിൽ 50 മാസത്തെ താഴ്ചയായ 0.2 ശതമാനത്തിലേക്ക് തകർന്നിരുന്നു. ഇതു കണക്കാക്കുമ്പോൾ ജൂലായിലേത് (2.1 ശതമാനം) നേട്ടത്തിലേക്കുള്ള മികച്ച തിരിച്ചുവരവാണ്.
മാനുഫാക്ചറിംഗിലും മാന്ദ്യം
മാനുഫാക്ചറിംഗ് വളർച്ച സൂചിപ്പിക്കുന്ന പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (പി.എം.ഐ) സൂചിക ആഗസ്റ്റിൽ 15 മാസത്തെ താഴ്ചയായ 51.4 ശതമാനത്തിലേക്ക് കുറഞ്ഞു. ജൂലായിൽ ഇത് 52.5 ആയിരുന്നു. പി.എം.ഐ സൂചിക 50 താഴേക്ക് പതിക്കുന്നത് നെഗറ്റീവ് വളർച്ചയാണ് സൂചിപ്പിക്കുന്നത്. വളർച്ച കുറഞ്ഞെങ്കിലും ആഗസ്റ്റിൽ 50 പോയിന്റിനുമേൽ നേടാനായത് ഇന്ത്യയ്ക്ക് ആശ്വാസമാണ്.