rashid

ഇസ്ലാമാബാദ് ഇന്ത്യയെ നശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ആണവായുധങ്ങൾ പാകിസ്ഥാന്റെ കൈവശമുണ്ടെന്ന് പാക് മന്ത്രി. പാകിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദാണ് ഭീഷണിയുമായി രംഗത്ത് വന്നത്. ഇന്ത്യയിൽ ഉന്നംവയ്ക്കുന്ന പ്രദേശങ്ങൾ തകർക്കാൻ കെല്പുള്ള 125-250ഗ്രാം അണുബോംബുകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് പാക് മന്ത്രിയുടെ അവകാശ വാദം. പാകിസ്ഥാൻ പത്രമായ ദി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ഇന്ത്യയുടെ ആണവ നയത്തിൽ മാറ്റംവന്നേക്കാമെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഷെയ്ഖ് റാഷിദ് അഹമദ്. നൻകന സാഹിബിലെ ഒരു റെയിൽവേ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അഹ്മദ്. റെയിൽവേ സ്റ്റേഷന് ഗുരു നാനാക്കിന്റെ പേര് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

കാശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച് സംസാരിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച റാഷിദിന് മൈക്കിൽനിന്ന് ഷോക്കേറ്റിരുന്നു. ഇതിന് പിന്നാലെ തന്റെ മരണം ഇന്ത്യൻ നേതാക്കൾആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് റാഷിദ് രംഗത്ത് വന്നിരുന്നു.