കൊച്ചി: സാമാന്യം ആരോഗ്യവാവായിരിക്കുമ്പോൾ ഗവർണർ ആകുന്നതിലും നല്ലത് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക എന്നതാണെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. നിയുക്ത കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആശംസ അറിയിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോഴാണ് വ്യാജമതേതരനും അന്തം കമ്മിക്കും പണികൊടുക്കാനാകുവെന്ന് സെൻകുമാർ പറഞ്ഞു.
പി. സദാശിവത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ അടുത്ത ഗവർണറായി സെൻമുമാരിന്റെ പേരും ഉയർന്നു കേട്ടിരുന്നു. എന്നാൽ കേരളത്തിലെ ബി.ജെ.പി നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നതിനെ തുടർന്ന് സെൻകുമാറിന്റെ പേര് ഒഴിവാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. താൻ ഗവർണറാകുന്നത് സംബന്ധിച്ച് ബി.ജെ.പി നേതാക്കളാരും തന്നോട് സംസാരിച്ചെല്ലെന്ന് സെൻകുമാർ പ്രതികരിച്ചിരുന്നു. അതേസമയം ചരിത്രവും മത സംഹിതകളും ശരിയായ മനുഷ്യാവകാശങ്ങളും നിയമങ്ങളും നന്നായി അറിയുന്ന രാഷ്ട്രപ്രതിബദ്ധതയുള്ള വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
സെൻകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഒരു ഇന്റർവ്യൂവിൽ മാധ്യമ പ്രവർത്തക ശ്രി ആരിഫ് മുഹമ്മദ് ഖാനൊട് ചോദിച്ചു :- നരേന്ദ്ര മോദിയുടെ ഹിന്ദുസ്ഥാനിൽ മുസ്ലീങ്ങളുടെ ഭാവി എന്തായിരിക്കും.??
അതിന് അദ്ദേഹം നൽകിയ മറുപടി
ഇങ്ങനെയായിരുന്നു.
"ഈ ഹിന്ദുസ്ഥാന്റെ ഭാവി എന്തായിരിക്കുമോ അത് തന്നെയായിരിക്കും ഇവിടുത്തെ മുസ്ലീങ്ങളുടെ ഭാവിയും. ഇവിടെ ഹിന്ദുക്കൾക്കും , മുസ്ലീങ്ങൾക്കും മറ്റ് മതവിഭാഗങ്ങൾക്കും വേറെ വേറെ ഭാവി ഉണ്ടാകുമെന്ന് കരുതുന്നത് ശുദ്ധ ഭോഷ്ക്കാണ്"
ഈ ഒറ്റ ഉത്തരം ഇദ്ദഹത്തിന്റെ മഹത്ത്വം വ്യക്തമാക്കുന്നു.
ആരിഫ് മുഹമ്മദ് ഖാൻ.!!
ചരിത്രവും മത സംഹിതകളും ശരിയായ മനുഷ്യാവകാശങ്ങളും നിയമങ്ങളും നന്നായി അറിയുന്ന രാഷ്ട്രപ്രതിബദ്ധതയുള്ള,പ്രീണനങ്ങൾക്ക് വഴങ്ങാത്ത മനുഷ്യസ്നേഹി, ദേശീയവാദികൾക്ക് എന്നും പ്രചോദനം.
ജാതി മത ചിന്തകൾ ഇല്ലാതെ എല്ലാ ഭാരതീയരും ഒരമ്മ പെറ്റ മക്കൾ എന്ന് വിശ്വസിക്കുന്ന യഥാർത്ഥ മതേതരവാദി.
കേരളത്തിന് മികച്ച വഴികാട്ടിയാവാൻ അദ്ദേഹത്തിനാകും.
നിയുക്ത കേരള ഗവർണർക്ക് ആശംസകൾ.