amit-sha-

ന്യൂഡൽഹി : ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസം സന്ദർശിക്കും. ഈ മാസം എട്ടിന് അസമിലെത്തുന്ന അമിത് ഷാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സുരക്ഷ സാഹചര്യങ്ങൾ ചർച്ചചെയ്യും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമപട്ടികയിൽ ഉൾപ്പെടാത്തവരെ തടവിലാക്കുകയോ മറ്റ് നടപടികളെടുക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മതിയായ രേഖകൾ നൽകി ഇവർ പൗരത്വം തെളിയിച്ചാൽ മതിയാകും. സാധാരണ പൗരന്മാർക്കുള്ള എല്ലാ സർക്കാർ ആനുകൂല്യങ്ങളും ഇവർക്ക് തുടർന്നും ലഭിക്കും.

അന്തിമപട്ടിക പുറത്തിറങ്ങിയതോടെ വെട്ടിലായ ബി.ജെ.പി പുന:പരിശോധനയ്ക്ക് ഒരുങ്ങിയേക്കും. അനർഹരെ ഒഴിവാക്കാൻ നിയമനിർമ്മാണം നടത്തുന്ന കാര്യവും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ബി.ജെ.പിയുടെ വോട്ട് ബാങ്കിൽപ്പെട്ടവർ

അന്തിമപട്ടികയിൽ നിന്ന് പുറത്താവുകയും അനർഹരെന്ന് ബി.ജെ.പി പറയുന്ന പലരും പട്ടികയിൽ ഉൾപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കം. പാർലമെന്റിന്റെ പരിഗണനയിലുള്ള പൗരത്വ ബിൽ പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കാനും സാദ്ധ്യതയുണ്ട്.

അതിനിടെ, പൗരത്വ റജിസ്റ്ററിനെതിരെ ഈമാസം 12ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിൽ പ്രതിഷേധ റാലി നടത്തും. മഹാരാഷ്ട്രയിലും പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും ശിവസേന നേതാവുമായ അരവിന്ദ് ഗൺപത് സാവന്ത് രംഗത്തുവന്നു.