പോളണ്ട്: നാസി ഭരണകൂടത്തിന്റെ ഭീതിദമായ അവസ്ഥയെച്ചൊല്ലി വർഷങ്ങൾക്ക് ശേഷം പോളണ്ടിനോട് മാപ്പ് പറഞ്ഞ് ജർമ്മനി. രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായ നാസി അധിനിവേശത്തിന്റെ 80-ാം വാർഷികത്തിലാണ് ജർമ്മനി പോളണ്ടിനോട് മാപ്പ് പറഞ്ഞത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കന്മാരാണ് 1939ൽ ആദ്യ ബോംബു വീണ സമയത്തിന്റെ ഒരു ദിവസം നീണ്ട അനുസ്മരണത്തിനായി പോളണ്ടിൽ ഒന്നിച്ചുചേർന്നത്. 2000ലധികം ആളുകളാണ് അന്നത്തെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവിധ രാഷ്ട്രത്തലവന്മാർ, തദ്ദേശീയർ, ബോംബ് സ്ഫോടനങ്ങളെ അതിജീവിക്കുന്നവർ അങ്ങനെ നിരവധി ആളുകളാണ് ഇരകളാക്കപ്പെട്ട 2000ലധികം പേരുടെ ഓർമ്മയിൽ എത്തിയത്. ഞായറാഴ്ച പുലർച്ചെ നടന്ന അനുസ്മരണച്ചടങ്ങിൽവച്ചാണ് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമീരിയർ, പോളിഷ് പ്രസിഡന്റ് ആൻഡ്രേജ് ഡൂഡയോട് ക്ഷമാപണം നടത്തിയത്. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മുന്നിൽ തലകുനിക്കുന്നു. ജർമൻ ആക്രമണത്തിൽ ഇരകളായ പോളിഷ് പൗരന്മാർക്ക് വേണ്ടി മാപ്പ് തേടുന്നുവെന്നായിരുന്നു ഫ്രാങ്ക് വാൾട്ടർ പറഞ്ഞത്. അനുസ്മരണത്തിൽ പങ്കെടുക്കാനും ഇരകളോട് മാപ്പ് അപേക്ഷിക്കാനും ജർമ്മനി കാണിച്ച മനസിനെ ആൻഡ്രേജ് ഡൂഡ അഭിനന്ദിച്ചു. ആറ് വർഷം നീണ്ട രണ്ടാംലോക മഹായുദ്ധത്തിൽ ഏഴ് കോടിയിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.