ന്യൂഡൽഹി: ലോകം സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന് ബി.ജെ.പി. സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു ബി.ജെ.പി വക്താവ് സംബിത് പത്ര. മോദി സർക്കാരിന്റെ ഭരണത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മൻ മോഹൻസിംഗിന്റെ കാലത്ത് രാജ്യത്തിന് പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാനായില്ല. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ചിലരുടെ കൈയിലെ കളിപ്പാവ മാത്രമായിരുന്നു അദ്ദേഹമെന്നും സംബിത് പത്ര ആരോപിച്ചു.
ലോകം സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. എന്നാൽ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന് സന്തോഷത്തോടെ പറയാൻ കഴിയും. ശക്തമായ അടിത്തറയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുള്ളതെന്നും ബി.ജെ.പി വക്താവ് അവകാശപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയിരുന്നു.