ന്യൂഡൽഹി : പാകിസ്ഥാൻ മെനയുന്ന കള്ളക്കഥ ഏറ്റുപറയാൻ പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് ഇന്ത്യ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ റിപ്പോർട്ട‌് കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് ഇസ്ലാമാബാദിൽ വച്ച് ഇന്ത്യൻ ഡെപ്യുട്ടി ഹൈക്കമ്മിഷണർ ഗൗരവ് അലുവാലിയ കുൽഭൂഷണെ കണ്ടത്. തുടർന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കുൽഭൂഷന്റെ അമ്മയോട് സംസാരിച്ചെന്നും വിശദാംശങ്ങൾ ധരിപ്പിച്ചെന്നും ഇന്ത്യ അറിയിച്ചു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രകാരമായിരുന്നു ഇന്ത്യൻ പ്രതിനിധി കുൽഭൂഷണുമായി കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാൻ വിയന്ന കരാറിന്റെ ലംഘനമാണ് നടത്തുന്നതെന്ന് ബോധ്യപ്പെട്ട കോടതി ഉടനടി കുൽഭൂഷണ് നയതന്ത്ര സഹായം നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.
പാകിസ്ഥാന്റെ കള്ളക്കഥ ജാദവിനെക്കൊണ്ട് പറയിക്കാൻ അവർ പരമാവധി സമ്മർദ്ദത്തിലാക്കുകയാണ്. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയ ശേഷം പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയുടെ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിശദമായ വിവരങ്ങൾ പുറത്തുവിടുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.