amitsha-

സോലാപൂർ: മഹാരാഷ്ട്രയിലെ എൻ.സി.പി, കോൺഗ്രസ് പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ. മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ വാതിൽ പൂർണമായും തുറന്നിട്ടാൽ ശരദ് പവാറും പൃഥ്വിരാജ് ചവാനുമൊഴികെ മറ്റാരും പാർട്ടിയിൽ അവശേഷിക്കില്ലെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.

മഹാരാഷ്ട്രയിലെ സോലാപൂരിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ നടക്കുന്ന മഹാജനദേശ് യാത്രയുടെ രണ്ടാം പാദത്തിന്റെ സമാപനത്തിലാണ് ഷാ കോൺഗ്രസിനും എൻ.സി.പിക്കുമെതിരെ സംസാരിച്ചത്. ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മഹാരാഷ്ട്രയിലെ കോൺഗ്രസിൽനിന്നും എൻ.സി.പിയിൽനിന്നും നിരവധി നേതാക്കളാണ് ഭരണകക്ഷിയായ ബി.ജെ.പിയിലേക്കും ശിവസേനയിലേക്കും ചേക്കേറിയത്. എൻ.സി.പിയിൽനിന്നാണ് കൂടുതൽ നേതാക്കൾ പാർട്ടിവിട്ടത്.

ഞായറാഴ്ച, മുൻ എൻ.സി.പി എം.പി ധനഞ്ജയ് മഹാദിക്, എൻ.സി.പി എം.എൽ.എ റാണ ജഗ്ജിത്ത് സിൻഹ് എന്നിവർ ബി.ജെ.പിയിൽ ചേർന്നിരുന്നു. കോൺഗ്രസ് എം.എൽ.എ ജയകുമാർ ഗോറും ഇവർക്കൊപ്പം ബി.ജെ.പിയിൽ ചേർന്നിരുന്നു.

എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ അടുത്ത ബന്ധുകൂടിയാണ് റാണ ജഗ്ജിത്ത്. സോലാപൂർ ജില്ലയിലെ ബർഷി മണ്ഡലത്തിൽ നിന്നുള്ള എൻ.സി.പി എം.എൽ.എ ദിലീപ് സോപൽ പാർട്ടി വിട്ടു ശിവസേനയിൽ ചേരുമെന്ന് ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എൻ.സി.പി എം.എൽ.എമാരായ ശിവേന്ദ്രസിംഗ് ഭോസലെ, സന്ദീപ് നായിക്, വൈഭവ് പിച്ചാഡ് എന്നിവരും കഴിഞ്ഞ മാസം ബി.ജെ.പിയിൽ ചേർന്നിരുന്നു. എൻ.സി.പി ഷഹാപൂർ എം.എൽ.എ പാണ്ഡുരംഗ് ബറോറ, മുംബയ് യൂണിറ്റ് തലവൻ സച്ചിൻ ആഹിർ എന്നിവർ ശിവസേനയിലും ചേർന്നു.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുന്ന രാഹുൽ ഗാന്ധിയും ശരദ് പവാറും വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തിൽ അമിത് ഷാ പറഞ്ഞു.