ന്യൂഡൽഹി: വില്‌പനമാന്ദ്യം തടയാനായി പാഞ്ചർ വാഹനങ്ങളുടെ ജി.എസ്.ടി നിലവിലെ 28 ശതമാനത്തിൽ നിന്ന് 18 ശതമാനമോ അതിൽ താഴെയോ ആയി കുറയ്‌ക്കണമെന്ന് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) ആവശ്യപ്പെട്ടു. നികുതി കുറഞ്ഞാൽ ആനുപാതികമായി വിലയും കുറയുമെന്നതിനാൽ ഡിമാൻഡ് മെച്ചപ്പെടുമെന്ന് സിയാം പ്രസിഡന്റ് രാജൻ വധേര പറഞ്ഞു.
വിപണിയിൽ പണമൊഴുക്ക് കൂട്ടാനായി കേന്ദ്രസർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾ ചെറിയ ചലനം മാത്രമാണ് സൃഷ്‌ടിച്ചിട്ടുള്ളത്. ഉപഭോക്താക്കൾ ഇപ്പോഴും വിപണിയിലേക്ക് പണമിറക്കാൻ മടിക്കുകയാണ്. നികുതി കുറഞ്ഞാൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസവും ആഭ്യന്തര വാഹന വിപണി വലിയ വില്‌പന നഷ്‌ടമാണ് കുറിച്ചത്. തുടർച്ചയായ പത്താംമാസമാണ് ഈ തളർച്ച.
മാരുതി സുസുക്കി, ടാറ്രാ മോട്ടോഴ്‌സ്, ടൊയോട്ട, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങി ഏറ്റവും വലിയ ആറു കമ്പനികളുടെ കണക്കുമാത്രം നോക്കുമ്പോൾ ആഗസ്‌റ്റിലെ വില്‌പന നഷ്‌ടം 34 ശതമാനമാണെന്നാണ് അനുമാനം. ഈ ആറു കമ്പനികൾ ചേർന്നാണ് വാഹന വിപണിയുടെ 90 ശതമാനവും കൈയാളുന്നത്. മാരുതി മാത്രം കഴിഞ്ഞമാസം 33 ശതമാനം വില്‌പന നഷ്‌ടമാണ് പാസഞ്ചർ വാഹന വിപണിയിൽ നേരിട്ടത്. വിപണിയുടെ മാന്ദ്യം അകലാത്തതിന്റെ പശ്‌ത്താലത്തിൽ തുടർച്ചയായ ഏഴാം മാസവും മാരുതി ഉത്പാദനം കുറച്ചിട്ടുണ്ട്. 33.99 ശതമാനം കുറവാണ് ഉത്‌പാദനത്തിൽ കഴിഞ്ഞമാസം വരുത്തിയത്.