ഇസ്ലാമാബാദ്: ചാരവൃത്തിക്കുറ്റം ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യയുടെ മുൻ നാവിക കമാൻഡർ കുൽഭൂഷൺ ജാദവിനെക്കൊണ്ട് തങ്ങൾ മെനഞ്ഞെടുത്ത കള്ളങ്ങൾ പറയിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് ഇന്ത്യ. അതിന്റെ കടുത്ത സമ്മർദ്ദത്തിലാണ് കുൽഭൂഷണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. പാകിസ്ഥാൻ അനുമതി നൽകിയതിനെ തുടർന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഗൗരവ് അലുവാലിയ പാക് ജയിലിൽ കുൽഭൂഷണിനെ സന്ദർശിച്ചതിനു ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.
കുൽഭൂഷണുമായുള്ള ഗൗരവ് അലുവാലിയയുടെ കൂടിക്കാഴ്ച കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. 2016ൽ അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് കുൽഭൂഷണിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചത്. ഇന്നലെ രാവിലെ ഗൗരവ് അലുവാലിയ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലെത്തി പാക് നയതന്ത്ര ഉദ്യോഗസ്ഥനുമായി ചർച്ച നടത്തിയ ശേഷമാണ് കുൽഭൂഷണിനെ കണ്ടത്. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവനുസരിച്ചാണ് പാകിസ്ഥാൻ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. വിദേശ രാജ്യങ്ങളിൽ അറസ്റ്റിലാവുന്ന പൗരൻമാർക്ക് സ്വന്തം രാജ്യത്തെ നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെടാനും നിയമ സഹായം തേടാനും 1963 ലെ വിയന്ന ഉടമ്പടി അനുവാദം നൽകുന്നുണ്ടെങ്കിലും കുൽഭൂഷണിന് നയതന്ത്ര സഹായം നൽകാൻ പാകിസ്ഥാൻ തയ്യാറായിരുന്നില്ല.
ഇതിനെതിരെ 2017 മേയ് എട്ടിന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയുടെ വാദം അംഗീകരിച്ച കോടതി 2017 മേയ് 18ന് കുൽഭൂഷണിന്റെ വധശിക്ഷ തടഞ്ഞുവയ്ക്കുകയും നയതന്ത്ര സഹായം നൽകാൻ പാകിസ്ഥാൻ തയ്യാറാവണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇത് ഇന്ത്യൻ നയതന്ത്ര വിജയം
നയതന്ത്ര സഹായം നൽകാണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ പാകിസ്ഥാൻ അനുമതി നൽകിയെങ്കിലും പാക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വേണം കൂടിക്കാഴ്ചയെന്ന വ്യവസ്ഥ ഇന്ത്യ നിരാകരിക്കുകയായിരുന്നു. കൂടിക്കാഴ്ച നടക്കുന്ന മുറിയിൽ സിസി ടിവി കാമറകൾ വയ്ക്കുമെന്നും പാകിസ്ഥാൻ പറഞ്ഞിരുന്നു. ഇതും നിരാകരിച്ച്, സ്വതന്ത്ര കൂടിക്കാഴ്ചയ്ക്ക് അനുമതി വേണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചാണ് ഞായറാഴ്ച പാകിസ്ഥാൻ വീണ്ടും അനുമതി നൽകിയത്.
''കുൽഭൂഷണിനെ തട്ടിക്കൊണ്ടുപോയത്"
ചാര പ്രവർത്തനത്തിനെത്തിയ കുൽഭൂഷണിനെ 2016 മാർച്ച് 3ന് ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് പിടികൂടിയെന്നാണ് പാകിസ്ഥാന്റെ വാദം. എന്നാൽ, ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ കുൽഭൂഷണിനെ പാകിസ്ഥാൻ തട്ടിക്കൊണ്ടു പോയതാണെന്ന് ഇന്ത്യ തെളിവു സഹിതം സ്ഥാപിച്ചു. ഇതു തള്ളി 2017 ഏപ്രിലിൽ ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് 49കാരനായ കുൽഭൂഷണിന് പാക് സൈനിക കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
''അലുവാലിയുടെ സമഗ്ര റിപ്പോർട്ടിലെ വിവരങ്ങൾ പഠിച്ച ശേഷമേ പാകിസ്ഥാന്റെ സമീപനത്തെക്കുറിച്ച് വിശദമായി പ്രതികരിക്കാനാവൂ"-
വിദേശകാര്യ വക്താവ് രവീഷ് കുമാർ