gulf-

ദുബായ് ∙ പ്രവാസി ഇന്ത്യക്കാർക്ക് ആധാർ കാർഡുകൾ നൽകാനുള്ള സംവിധാനം 3 മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു. ഇന്ത്യൻ പാസ്പോർട്ടുള്ള എല്ലാ പ്രവാസികൾക്കും ആധാർ കിട്ടാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ഇതിനായി യു.ഐ.ഡി.എ.ഐ സോഫ്ട്‌വെയറിൽ മാറ്റം വരുത്തും. കേന്ദ്ര ബഡ്ജറ്റിലും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മറ്റു രാജ്യങ്ങളിൽ എവിടെ താമസിക്കുന്ന പൗരന്മാരായാലും അവർക്ക് ആധാറിനു തുല്യമായി ഐഡന്റിഫിക്കേഷൻ കാർഡു ലഭിക്കുന്നുണ്ട്. മൂന്നു മാസത്തിനുള്ളിൽ സാങ്കേതിക സംവിധാനങ്ങൾ തയ്യാറാകുമെന്നു യു.ഐ.ഡി.എ.ഐ സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.

ഒരു സാമ്പത്തിക വർഷം 182 ദിവസം നാട്ടിൽ നിന്നാൽ മാത്രമേ ഇന്ത്യയിൽ താമസിക്കുന്ന ആളായി പരിഗണിക്കൂ. ആധാർ നിയമം അനുസരിച്ച് ഇന്ത്യക്കാർക്കു മാത്രമേ ആധാർ നൽകൂ. ഈ നിബന്ധനയാണ് മാറ്റുന്നത്.

വിദേശങ്ങളിലുള്ള ഇന്ത്യക്കാർക്ക് നാട്ടിൽ ആധാർ കൈപ്പറ്റാൻ ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐടി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും അതിനുള്ള കാലതാമസം മാത്രമേ പദ്ധതി നടത്തിപ്പിന് ഉണ്ടാകൂ എന്നാണു സൂചന.

പ്രവാസികൾക്ക് ആധാർ ലഭ്യമാക്കാനുള്ള തീരുമാനത്തെ പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് സ്വാഗതം ചെയ്തു.അഞ്ചുവർഷമായി നിരന്തരം ഈ ആവശ്യം ഉന്നയിച്ചു വരികയായിരുന്നെന്നും അതിന്റെ ഫലമായി കഴിഞ്ഞ ബഡ്ജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപനം നടത്തിയതിന്റെ തുടർച്ചയാണ് നടപടിയെന്നും ചെയർമാൻ കെ.വി ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. ആധാർ ഇല്ലാതെ വിവിധ ഇടപാടുകൾക്ക് വിഷമിച്ച പ്രവാസികൾക്ക് സന്തോഷമേകുന്ന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

182 ദിവസം ഇന്ത്യയിൽ താമസിച്ചവർക്കെ ആധാർ ലഭിക്കുമായിരുന്നുള്ളൂ. 182 ദിവസം നാട്ടിൽ നിന്നാൽ എൻആർഐ ആനൂകൂല്യങ്ങൾ നഷ്ടമാകും. പ്രത്യേകിച്ച് ബാങ്കിലെ ഡിപ്പോസിറ്റ് തുകയ്ക്കു നികുതി അടയ്ക്കേണ്ടി വരും. ഇതിനു പുറമേ ഗൾഫിൽ നിന്നുള്ള മറ്റുവരുമാനങ്ങൾക്കും നികുതി നൽകേണ്ടി വരും. സാധാരണ പ്രവാസികൾക്ക് ഇത്രയും ദിവസം നാട്ടിൽ നിൽക്കാനുമാകില്ല. ഇതിനാൽ പ്രവാസികൾക്ക് ആധാർ ലഭിക്കുന്നത് ബുദ്ധിമുട്ടായിരുന്നു.ഇതിനാണ് പുതിയ സംവിധാനത്തോടെ പരിഹാരമാകുന്നത്.