മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് 2-2ന് വിയ്യാറയലുമായി സമനിലയിൽ കുരുങ്ങി. 12-ാം മിനിട്ടിൽ ജെറാഡ് മോറേനെയിലൂടെ വിയ്യാറയലാണ് ആദ്യം മുന്നിലെത്തിയത്. 74-ാം മിനിട്ടിൽ മേയ് ഗോമസ് രണ്ടാം ഗോളും നേടി. റയലിനായി രണ്ട് ഗോളുകളും നേടിയത് ഗാരേത്ത് ബെയ്ലാണ്. 45-ാം മിനിട്ടിലും 86-ാം മിനിട്ടിലുമായിരുന്നു ബെയ്ലിന്റെ ഗോളുകൾ. എന്നാൽ, ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും ചുവപ്പും കണ്ട് ബെയ്ലിന് പുറത്താകേണ്ടിവന്നു.ഈ സീസണിലെ രണ്ടാം സമനില വഴങ്ങിയ റയൽ പോയിന്റ് പട്ടികയിൽ മൂന്ന് കളികളിൽ നിന്ന് അഞ്ച് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
ഇന്ററിന് വിജയം, ഗോളടിച്ച
ലുക്കാക്കുവിന് അധിക്ഷേപം
റോം : ഇറ്റാലിയൻ സെരി എയിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഇന്റർമിലാൻ 2-1ന് കാഗ്ളിയറിയെ തോൽപ്പിച്ചു. 27-ാം മിനിട്ടിൽ ലൗയാരോ മാർട്ടിനസിലൂടെ ഇന്ററാണ് ആദ്യം മുന്നിലെത്തിയത്. 50-ാം മിനിട്ടിൽ യാവോപെട്രോ കളി സമനിലയിലാക്കി. എന്നാൽ, 72-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി ബെൽജിയൻ താരം റോമേലു ലുക്കാക്കു ഇന്ററിനെ വിജയിപ്പിച്ചു. തുടർന്ന് കാഗ്ളിയറി ആരാധകർ ലുക്കാക്കുവിനെതിരെ വംശീയ അധിക്ഷേപം നടത്തിയത് വിവാദമായി.