emirates-

ന്യൂഡൽഹി: സെപ്തംബർ ഒന്നുമുതൽ 13 വരെ എമിറേറ്റ്സിന്റെ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് സ്പെഷ്യൽ ഓണം ട്രീറ്റ്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാർക്കുമാണ് സ്പെഷ്യൽ ഓണം ഭക്ഷണം നൽകുക.

കായ വറുത്തത്, ശർക്കര ഉപ്പേരി, ജാഗിരിയിൽ വറുത്തെടുത്ത കായ, കൊണ്ടാട്ട മുളക്, കാളൻ, ചേനക്കറി, വെള്ളരിക്ക പച്ചടി, സലാഡ്, പുളി ഇഞ്ചി എന്നിവയാണ് യാത്രക്കാർക്കായി എമിറേറ്റ്സ് ഒരുക്കുന്നത്. എല്ലാ കാബിൻ ക്ലാസുകളിലും ഇത് നൽകും. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് പപ്പടവും രുചികരമായ മാങ്ങാ അച്ചാറും ലഭിക്കും.

ദുബായിൽ നിന്ന് കേരളത്തിലേക്ക് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ആലപ്പി ചിക്കൻ കറി അല്ലെങ്കിൽ സാമ്പാറും കൂട്ടും ആസ്വദിക്കാൻ അവസരമുണ്ട്. തോരനും ചോറിനും ഒപ്പമാണ് ഇതെല്ലാം ലഭിക്കുക. പാലട പായസവും ലഭിക്കും. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മട്ടൺ പെപ്പർ ഫ്രൈയും ലഭിക്കും.


കേരളത്തിൽ നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുകയാണെങ്കിൽ തേങ്ങ വറുത്ത ചിക്കൻ കറി അല്ലെങ്കിൽ സാമ്പാറും തോരനും ചോറിനൊപ്പം തിരഞ്ഞെടുക്കാവുന്നതാണ്. പരിപ്പു പായസവും ലഭിക്കും. . ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മട്ടൺ കറി തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ട്രേയിൽ വാഴയിലയിൽ ആയിരിക്കും സദ്യ നൽകുക.