തനിക്ക് ഗർഭപാത്രം ഇല്ലെന്ന് തുറന്നു പറഞ്ഞ് സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും സംഗീതജ്ഞയുമായ അനൗഷ്‌ക ശങ്കർ. ഗര്‍ഭാശയത്തിനുള്ളിൽ മുഴ വളർന്നതോടെയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവന്നത്. കൂടാതെ 13 ട്യൂമറുകളും തന്റെ വയറ്റിലുണ്ടായിരുന്നു എന്നും അനൗഷ്‌ക പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനൗഷ്കയുടെ വെളിപ്പെടുത്തൽ ഗർഭപാത്രം നീക്കം ചെയ്യേണ്ടിവരും എന്നറിഞ്ഞപ്പോൾ താൻ ഡിപ്രഷനിലായെന്നും എന്നാൽ നിരവധി സ്ത്രീകളുമായി സംസാരിച്ചതോടെയാണ് ആശങ്ക മാറിയതെന്നും അനൗഷ്‌ക പറയുന്നു. സമൂഹത്തെ പേടിച്ച് പലരും ഇത്തരം കാര്യങ്ങൾ മറച്ചുവെക്കാറുണ്ടെന്നും എന്നാൽ ഒളിക്കാൻ ഒന്നുമില്ലെന്നു തോന്നിയതുകൊണ്ടാണ് താനിത് പറയുന്നതെന്നുമാണ് അനൗഷ്‌ക കുറിക്കുന്നത്.
എനിക്കിപ്പോൾ ഗര്‍ഭപാത്രം ഇല്ല. കഴിഞ്ഞ മാസം നടത്തിയ രണ്ടു ശസ്ത്രക്രിയകളിലൂടെ ഗർഭപാത്രം എനിക്ക് നഷ്ടമായിരിക്കുന്നു. ഗർഭാശയത്തിലുണ്ടായിരുന്ന മുഴ വളർന്നു വലുതായി ആറു മാസം ഗർഭം ഉണ്ടെന്ന് തോന്നുന്ന ഘട്ടത്തിലെത്തി. അതോടെ അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്റെ ഉദരത്തിലുണ്ടായിരുന്ന നിരവധി ട്യൂമറുകൾ മറ്റൊരു ശസ്ത്രക്രിയയിലൂടെയും നീക്കം ചെയ്തു. ആകെ മൊത്തം പതിമൂന്ന് ട്യൂമറുകൾ ഉണ്ടായിരുന്നു. ഇതിലൊന്ന് എന്റെ പേശികൾക്കിടയിലൂടെ വളർന്ന് വയറിലൂടെ ഉന്തി നില്‍ക്കുകയായിരുന്നു.
എന്റെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞപ്പോൾ മുതല്‍ ഡിപ്രഷനിലായിരുന്നു. എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയിൽ കുട്ടികള്‍ വേണമെന്ന ആഗ്രഹം, ശസ്ത്രക്രിയ്ക്കിടയിൽ മരണപ്പെട്ടാൽ എന്റെ കുട്ടികൾ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുമെന്ന ഭയം, ലൈംഗിക ജീവിതത്തിൽ ഇതുണ്ടാക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാൻ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇതിനെക്കുറിച്ച് സംസാരിച്ചു. നിരവധി സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്ന് അപ്പോഴാണ് ഞെട്ടലോടെ ഞാൻ തിരിച്ചറിയുന്നത്.
എന്നാല്‍ ഇത് ഇത്ര സാധാരണമായിട്ടും എന്തുകൊണ്ട് ആരും തുറന്നു പറയുന്നില്ലെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള എന്റെ ധാരണകളും ആർത്തവത്തെക്കുറിച്ചുള്ള എന്റെ ചിന്തകളെയുമെല്ലാം ഇത്രയും നാൾ ഞാൻ ചോദ്യം ചെയ്യപ്പെടാൻ അനുവദിച്ചില്ല.
26ാമത്തെ വയസ്സിലാണ് എന്റെ ഗർഭപാത്രത്തിനുള്ളിൽ മത്തങ്ങാ വലുപ്പത്തിലുള്ള മുഴ ഉണ്ടെന്ന് ആദ്യം അറിയുന്നത്. ഇത് വിജയകരമായി നീക്കം ചെയ്തതിനു ശേഷം എന്റെ സുന്ദരൻമാരായ രണ്ട് ആൺമക്കൾക്ക് ജൻമം നൽകി. ഗർഭാശയത്തിൽ വിള്ളൽ വീഴുമോ എന്ന ആശങ്കയിൽ ആദ്യത്തേത് എമർജൻസി സിസേറിയൻ ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് മുറിവിൽ അണുബാധ പിടിപെടുകയും വിളര്‍ച്ച ബാധിക്കുകയും ചെയ്തു.
ഏറെ നാളത്തെ സ്‌ട്രെസ്സിനും ബ്ലീഡിങ്ങിനും നടുവേദനയ്ക്കും മൈഗ്രേനും ശേഷം എന്റെ ഉള്ളിൽ വീണ്ടും ഫൈബ്രോയിഡുകൾ ഞാൻ മനസിലാക്കി. അതോടെയാണ് ഈ സമയത്ത് ഗര്‍ഭപാത്രം നീക്കം ചെയ്യാൻ തീരുമാനിച്ചത്.
എനിക്ക് ഉപദേശമോ സഹതാപമോ വേണ്ട. എനിക്കറിയാം എന്റെ കഥയേക്കാൾ ഭീകരാവസ്ഥ അനുഭവിക്കുന്ന സ്ത്രീകളുണ്ടെന്ന്, എന്നാൽ എന്റെ ശസ്ത്രക്രിയയെക്കുറിച്ച് ഇനിയും നിങ്ങളോട് പറയാതിരിക്കനാകില്ല. എന്റെ ഗർഭപാത്രംനീക്കം ചെയ്തു, അതോടൊപ്പം വയറിലെ മറ്റ് ട്യൂമറുകളും. അതിൽ ഒളിച്ച് വയ്ക്കാനൊന്നുമില്ല.'