indi

ജമൈക്ക : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ 257 റൺസിന് വിജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഈ വിജയത്തോടെ പര്യടനത്തിലെ ട്വന്റി-20, ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിലെല്ലാം സമ്പൂർണ വിജയവുമായാണ് ഇന്ത്യ കരീബിയനിൽ നിന്ന് മടങ്ങുന്നത്. ഈ വിജയത്തോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ക്യാപ്ടൻ എന്ന റെക്കോഡ് വിരാട് കോഹ്‌ലിക്ക് സ്വന്തമായി. ധോണിയുടെ 27 ടെസ്റ്റ് വിജയങ്ങളുടെ റെക്കാഡ് ആണ് കോഹ്‌ലി തകർത്തത്.

രണ്ടാം ടെസ്റ്റിൽ 468 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 210 റൺസിന് എല്ലാവരും പുറത്തായി. നാലാം ദിനം 45/2 എന്ന നിലയിലാണ് വിൻഡീസ് ബാറ്റിംഗ് പുനരാരംഭിച്ചത്.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 416 റൺസ് നേടിയിരുന്നു. തുടർന്ന് വിൻഡീസിനെ ഒന്നാം ഇന്നിംഗ്സിൽ 117 റൺസിന് ആൾ ഔട്ടാക്കി. 299 റൺസ് ലീഡ് നേടിയെങ്കിലും ഇന്ത്യ വിൻഡീസിനെ ഫോളോ ഓണിനിറക്കിയില്ല. പകരം രണ്ടാം ഇന്നിംഗ്സിനിറങ്ങി 168/4 എന്ന സ്കോറിൽ മൂന്നാംദിനം ചായയ്ക്ക് ശേഷം ഡിക്ളയർ ചെയ്തു. തുടർന്നാണ് വിൻഡീസ് പടുകൂറ്റൻ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയത്.

രണ്ടാം ഇന്നിംഗ്സിൽ അജിങ്ക്യ രഹാനെ (64 നോട്ടൗട്ട്), ഹനുമവിഹാരി (53 നോട്ടട്ട്) എന്നിവർ നേടിയ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്സിലെ മികവായത്. 57/4 എന്ന നിലയിൽ കെ.എൽ. രാഹുൽ (6), മയാങ്ക് അഗർവാൾ (4), കൊഹ്‌ലി (0), പുജാര (27) എന്നിവർപുറത്തായശേഷമായിരുന്നു രഹാനെയും വിഹാരിയും ചേർന്ന് 111 റൺസ് കൂട്ടിച്ചേർത്തത്.

രണ്ടാം ഇന്നിംഗ്സിൽ ഓപ്പണർമാരായ ജോൺ കാംപ്ബെല്ലിനെയും (16), ക്രെയ്ഗ് ബ്രാത്ത് വെയ്റ്റിനെയുമാണ് (3) വിൻഡീസിന് ആദ്യം നഷ്ടമായിരുന്നത്. ഷമിയാണ് കാംപ‌െലിനെ പുറത്താക്കിയത്. ഇശാന്തിന് ബ്രാത്ത്‌വെയ്റ്റിന്റെ വിക്കറ്റ് ലഭിച്ചു. ഇന്നലെ ടീം സ്കോർ 55/2ലെത്തിയപ്പോൾ ഡാരൻ ബ്രാവോ പരിക്കു കാരണം മടങ്ങി. മൂന്നാം ദിനം ബ്രാവോയുടെ ഹെൽമറ്റിൽ ബൗൺസർ പതിച്ചിരുന്നു. തുടർന്ന് റോൾട്ടൺ ചേസിനെ ജഡേജയും ഹെട്മേയറെ ഇശാന്തും പുറത്താക്കി.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്നുവിക്കറ്റ് വീതം നേടി. ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റും ബുമ്ര ഒരു വിക്കറ്റും നേടി.

പന്തിന് 50 ഇരകൾ

ധോണിയുടെ റെക്കാഡ് മറികടന്നു

ജമൈക്ക : ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിംഗിൽ 50 ഇരകളെ തികച്ച് ഇന്ത്യൻ താരം ഋഷഭ് പന്ത്. തന്റെ 11-ാം ടെസ്റ്റിലാണ് ഋഷഭ് ഇരകളുടെ എണ്ണത്തിൽ അർദ്ധ സെഞ്ച്വറി തികച്ചത്. ഇതോടെ ഏറ്റവും വേഗത്തിൽ 50 ഇരകളെ വീഴ്ത്തുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന ധോണിയുടെ റെക്കാഡും ഋഷഭ് മറികടന്നു. 15 ടെസ്റ്റുകളിൽ നിന്നാണ് ധോണി 50 പേരുടെ പുറത്താക്കലുകളിൽ പങ്കാളിയായിരുന്നത്. കഴിഞ്ഞ ഡിസംബറിൽ ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ 11 കാച്ചുകൾ തേടി ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കുന്ന കീപ്പറെന്ന ജാക്ക് റസലിന്റെയും എ.ബി.ഡിവില്ലിയേഴ്സിന്റെയും റെക്കാഡിനൊപ്പമെത്തിയിരുന്നു ഋഷഭ്പന്ത്.