തിരുവനന്തപുരം: നടത്തിപ്പ് സ്വകാര്യകമ്പനിക്ക് കൈമാറാനുള്ള നീക്കങ്ങളെത്തുടർന്ന് സ്തംഭനാവസ്ഥയിലായിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്, മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെത്തുടർന്ന് പുതുജീവൻ. വിമാനക്കമ്പനി മേധാവികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി തിരുവനന്തപുരത്തിന്റെ ശോച്യാവസ്ഥ മുന്നോട്ടുവച്ചതിനു പിന്നാലെ, 23 പുതിയ സർവീസുകൾ തുടങ്ങാൻ കമ്പനികൾ സന്നദ്ധതയറിയിച്ചു. ഡൽഹി, ചെന്നൈ, ബംഗളൂരു, മുംബയ്, ഹൈദരാബാദ്, ഗോവ, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ഒക്ടോബർ എട്ടിന് പുതിയ സർവീസുകൾ തുടങ്ങും. ഗോ - എയറിന്റെ ഗോവ സർവീസ് പുതുതായി വരുന്നതോടെ കൂടുതൽ വിനോദസഞ്ചാരികൾ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷ. കോവളത്തെയും ഗോവയെയും ബന്ധിപ്പിച്ച് വിമാന സർവീസുമാവും. ഡൽഹിയിലേക്കുണ്ടായിരുന്ന നാല് സർവീസുകൾ രണ്ടായി കുറഞ്ഞ ഘട്ടത്തിലാണ് നാല് കമ്പനികൾ തിരുവനന്തപുരം- ഡൽഹി സർവീസിന് സന്നദ്ധതയറിയിച്ചത്.
എയർഇന്ത്യ, സ്പൈസ്ജെറ്റ്, എയർഏഷ്യ, വിസ്താര, ഗോഎയർ കമ്പനികളാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ഇതിൽ വിസ്താര, എയർഏഷ്യ, ഗോ എയർ എന്നിവയ്ക്ക് നിലവിൽ തലസ്ഥാനത്ത് നിന്ന് സർവീസില്ല. ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് വിസ്താര. നാല് വിമാനത്താവളങ്ങളിലേക്കും കൂടുതൽ സർവീസ് വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും, ഏറ്റവും കൂടുതൽ കമ്പനികൾ സർവീസ് തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചത് തിരുവനന്തപുരത്തേക്കാണ്. ഇൻഡിഗോ ഡൽഹിയിലേക്ക് ഒരു നോൺസ്റ്റോപ്പ് സർവീസ് കൂടി തുടങ്ങും. ഇൻഡിഗോയുടെ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിൽ മൂന്നു മണിക്കൂർ 20 മിനിട്ടു കൊണ്ട് ഡൽഹിയിലെത്താം. മുംബയ് ആസ്ഥാനമായ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഗോഎയർ തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങുകയാണ്. രാജ്യത്തെ അഞ്ചാമത്തെ വലിയ എയർലൈനാണ് ഗോഎയർ. കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾക്ക് തലസ്ഥാനത്തേക്ക് കണക്ഷൻ അനുവദിക്കും. തിരുവനന്തപുരത്തു നിന്ന് നിലവിൽ സർവീസില്ലാത്ത എയർഏഷ്യ തുടക്കത്തിൽ ആഭ്യന്തര സർവീസുകളാണ് നടത്തുന്നത്. ദക്ഷിണേഷ്യൻ വിമാനക്കമ്പനിയായ എയർഏഷ്യ ക്വാലാലംപൂരിലേക്ക് ചെലവുകുറഞ്ഞ വിമാനസർവീസുകൾ തുടങ്ങാൻ നേരത്തേ സന്നദ്ധതയറിയിച്ചിരുന്നതാണ്. കോയമ്പത്തൂർ, പൂനെ, അഹമ്മദാബാദ്, കൊൽക്കത്ത നഗരങ്ങളിലേക്ക് ഇനിയും സർവീസുകളോ കണക്ഷനോ തുടങ്ങാനായിട്ടില്ലെന്നത് പോരായ്മയായി.
വിമാനക്കമ്പനി മേധാവികളുടെ ആവശ്യപ്രകാരം വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യൂവൽ- എ.ടി.എഫ്) നികുതി 25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടും കൂടുതൽ സർവീസുകൾ തുടങ്ങിയില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. വിമാനക്കമ്പനികൾ വാക്കുപാലിച്ചാൽ ഇന്ധനനികുതി ഇനിയും കുറയ്ക്കാമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. നികുതി കുറച്ചാൽ, കൂടുതൽ സർവീസുകൾ തുടങ്ങാനും സർവീസുകൾക്ക് കണക്ഷൻ അനുവദിക്കാനും വിമാനക്കമ്പനികൾക്ക് പ്രചോദനമാവുമെന്ന സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. ഇന്ധനനികുതി കുറയ്ക്കുന്നതോടെയാവും ഇൻഡിഗോയുടെ മൂന്ന് സർവീസുകൾ ആരംഭിക്കുക. കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധനനികുതി ഒരു ശതമാനം മാത്രമാണ്. ഈ ഇളവ് തിരുവനന്തപുരത്തിനും നൽകണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നതാണ്.
തുറമുഖം, ഐ.ടി മേഖലകളിൽ വമ്പൻ കുതിച്ചുചാട്ടത്തിന് തിരുവനന്തപുരം ഒരുങ്ങുമ്പോൾ വിമാനസർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് വൻ തിരിച്ചടിയാവുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ''ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഐ.ടി കമ്പനികൾ തിരുവനന്തപുരത്ത് കൂടുതൽ നിക്ഷേപം നടത്തുകയാണ്. ഒരു ലക്ഷം പേരെയാണ് അധികമായി നിയമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർത്തിയായി വരികയാണ്.
ഇ-മൊബിലിറ്റി മേഖലയിലും വൻകിട അന്താരാഷ്ട്ര കമ്പനികൾ വരുന്നു. കേരളം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന പ്രധാന വിമാനത്താവളം കൂടിയാണ് തിരുവനന്തപുരം. ആഭ്യന്തര റൂട്ടിലും അന്താരാഷ്ട്ര റൂട്ടിലും തിരുവനന്തപുരത്തുനിന്ന് യാത്രക്കാർ ധാരാളമുണ്ട്. ശരാശരി 90 ശതമാനം യാത്രക്കാർ ഓരോ ഫ്ളൈറ്റിലും യാത്ര ചെയ്യുന്നുണ്ടെന്ന് വിമാനക്കമ്പനികൾ മറക്കരുത്''- മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് കിഴക്കൻ ഏഷ്യയിലേക്ക് ബിസിനസ് ക്ലാസ് സൗകര്യമുള്ള സർവീസ് തുടങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയായാൽ ഇങ്ങനെ വേണം
വ്യോമയാന മേഖലയിൽ മുഖ്യമന്ത്രി നടത്തുന്ന ഇടപെടലിനെ കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോള പ്രശംസിച്ചിരുന്നു. വിമാനക്കമ്പനി മേധാവികളുടെ യോഗം മൂന്നാം തവണയാണ് മുഖ്യമന്ത്രി വിളിച്ചത്. ഇന്ത്യയെ സംബന്ധിച്ച് പുതിയ അനുഭവമാണിത്. മറ്റ് സംസ്ഥാനങ്ങളും ഇപ്പോൾ ഈ മാതൃകയിലേക്ക് വരികയാണ്. ഇന്ധന നികുതി നിരക്ക് ഗണ്യമായി കുറയ്ക്കാൻ കേരളം തയ്യാറായത് വ്യോമയാന മേഖലയുടെ വികസനത്തിന് വലിയ പിന്തുണയാകും.
വിമാനക്കമ്പനികൾ അനുകൂലമായി പ്രതികരിച്ചാൽ ഇന്ധനനികുതി ഇനിയും കുറയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഖരോളയുടെ വാക്കുകൾ. നേരത്തേ, എയർപോർട്ട് അതോറിട്ടിക്ക് നൽകിയ വാക്കുപാലിച്ച് വിമാനത്താവളത്തിൽ 600 കോടിയുടെ വികസനപദ്ധതികൾക്കായി 18 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു.
സൂപ്പർ വിമാനത്താവളം
ഒരേസമയം 20 വിമാനങ്ങൾക്ക് പാർക്കിംഗിന് സൗകര്യം തിരുവനന്തപുരത്ത് ഉണ്ട്. എയർബസ്-320 പോലുള്ള സി-കാറ്റഗറി വിമാനങ്ങളും ഇതിൽപ്പെടും. എയർബസ് എ-300, ബോയിംഗ്-747 എന്നിങ്ങനെ ജംബോവിമാനങ്ങൾ നാലെണ്ണത്തിന് പാർക്കിംഗ് സാദ്ധ്യമാവും. ഇന്ത്യൻഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് ഇന്ധനക്കമ്പനികൾ തിരുവനന്തപുരം വിമാനത്താവളത്തിലുണ്ട്. അവർക്ക് ഉയർന്ന സംഭരണശേഷിയുള്ള സ്റ്റോറേജ് ടാങ്കുകളുമുണ്ട്. തിരുവനന്തപുരത്തിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് ഇവിടെയിറങ്ങി ഇന്ധനം നിറയ്ക്കാനുള്ള റീ ഫ്യുവലിംഗ് അനുമതി നൽകിയാൽ വിമാനത്താവളത്തിന്റെ വരുമാനമുയരും. ലാൻഡ് ചെയ്യുന്ന വിമാനങ്ങളിൽ നിന്ന് ലാൻഡിംഗ്, പാർക്കിംഗ്, ഹൗസിംഗ്, ട്രാഫിക് കൺട്രോൾ, ലാൻഡിംഗ് ഫീസ്, റൂട്ട് നാവിഗേഷൻ ഇനത്തിൽ വരുമാനം കിട്ടും.
സർവീസുകൾ ഇങ്ങനെ
ഗോവ, കണ്ണൂർ, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി, ഡൽഹി, ചെന്നൈ
തിരുവനന്തപുരം - ന്യൂഡൽഹി
ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്
ഡൽഹി, കൊച്ചി, ഹൈദരാബാദ്
ഡൽഹി, ചെന്നൈ, ബംഗളൂരു
ന്യൂഡൽഹി, കണ്ണൂർ