തിരുവനന്തപുരം: ആധുനിക സജ്ജീകരണങ്ങളോടെ മുഖം മിനുക്കാൻ ഒരുങ്ങുകയാണ് അനന്തപുരിയുടെ പ്രൗഢമുഖങ്ങളിലൊന്നായ മൃഗശാലയും മ്യൂസിയവും. നാച്വറൽ ഹിസ്റ്ററി മ്യൂസിയവും ശലഭ പാർക്കും പൂർത്തിയാകുന്നതോടെ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും മ്യൂസിയം സന്ദർശകരെ വരവേൽക്കുക. രണ്ട് മാസം മുൻപ് എത്തിയ ഒട്ടകപ്പക്ഷികളടക്കം മൃഗശാലയിലെ ജീവജാലങ്ങളെ കാണാനും തിരക്കേറുകയാണ്. ഓണാവധി ഇങ്ങെത്തിയതോടെ വരും ദിവസങ്ങളിൽ ഇവിടെയെത്തുന്ന സന്ദർശകരുടെ എണ്ണത്തിലും വർദ്ധനയുണ്ടാകും.
ആസ്വാദകരെ അമ്പരപ്പിക്കാനൊരുങ്ങി നാച്വറൽ ഹിസ്റ്ററി മ്യൂസിയം
നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഒട്ടേറെ പുതുമകൾ കൊണ്ടുവരാനാണ് അധികൃതരുടെ ശ്രമം. 90 ശതമാനം പണികളും പൂർത്തിയായ നാച്വറൽ ഹിസ്റ്ററി മ്യൂസിയം രണ്ടുമാസത്തിനുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 1800ഓളം പ്രദർശനവസ്തുക്കളാണ് ഇവിടെയുള്ളത്. വംശനാശം വന്ന് ഭൂലോകത്തുനിന്നും തുടച്ചുമാറ്രപ്പെട്ട ജീവജാലങ്ങളുടെ ത്രിമാന രൂപങ്ങളാണ് ഇതിൽ ശ്രദ്ധേയം. ജീവജാലങ്ങളുടെ ശാരീരിക ഘടനയെയും രൂപത്തെയും അതുപോലെ പകർത്തിയുള്ള നിർമ്മാണമാണ് നടത്തിയിട്ടുള്ളത്.
ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ച് അതത് പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ പുനഃസൃഷ്ടിച്ചാണ് നിർമാണം. വിദ്യാർത്ഥികൾക്കായി പഠന ഗാലറിയും ഒരുക്കുന്നുണ്ട്. പക്ഷികളുടെ സ്പെസിമനുകളെപ്പറ്റി പഠിക്കാൻ വിദ്യാർത്ഥികൾക്ക് ഇവിടം ഉപയോഗിക്കാം. വിവിധയിനം ജീവികളുടെ സ്റ്റഫ് ചെയ്ത രൂപങ്ങളും അസ്ഥികൂടങ്ങളും ഇവിടെയുണ്ടാകും. കഴിഞ്ഞ മാസം ചത്ത രണ്ട് ആനക്കൊണ്ടകളെയും സ്റ്റഫ് ചെയ്ത് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പൂർണമായും ശീതീകരിച്ചായിരിക്കും നാച്വറൽ ഹിസ്റ്ററി മ്യൂസിയം തുറന്നുകൊടുക്കുന്നത്. വലിയ പൂന്തോട്ടവും ഫൗണ്ടനും ഇതിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് നവീകരണ പ്രവർത്തനങ്ങൾക്കുവേണ്ടി നാച്വറൽ ഹിസ്റ്ററി മ്യൂസിയം അടച്ചത്. മൃഗശാല കഴിഞ്ഞാൽ ഏറ്രവുമധികം സഞ്ചാരികളെത്തുന്ന ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ വൈകുന്നു എന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ രാജ്യത്തെ മറ്റേത് മ്യൂസിയത്തെയും വെല്ലുന്ന രീതിയിൽ നിർമാണം പൂർത്തീകരിക്കാനാണ് കാലതാമസം എടുത്തതെന്ന് മ്യൂസിയം അധികൃതർ പറയുന്നു. 'മ്യൂസിയം നിർമ്മിച്ചതിന്റെ ശതാബ്ദി സ്മാരകമായി 1964ലാണ് നാച്വറൽ ഹിസ്റ്ററി മ്യൂസിയം സ്ഥാപിച്ചത്. അരനൂറ്റാണ്ടിലധികം പിന്നിട്ടിട്ടും കാലോചിതമായ മാറ്റങ്ങളൊന്നും ഇവിടെ വന്നിട്ടില്ല. നിലവിലുള്ള സ്ഥലത്തുതന്നെ എല്ലാ സൗകര്യങ്ങളുമൊരുക്കി നാച്വറൽ ഹിസ്റ്ററി മ്യൂസിയം പുനർനിർമ്മിക്കുന്നതാണ് കാലതാമസത്തിന് കാരണമായത്. ഏറ്റവും മികച്ചത് ജനങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് മ്യൂസിയം ഡയറക്ടർ അബു ശിവദാസ് പറഞ്ഞു.
ശലഭ പാർക്കും ഉടൻ പൂർത്തിയാകും
ശലഭ പാർക്കിന്റെ പണിയും 90 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. ശലഭങ്ങൾക്ക് പ്രജനനത്തിനും തേൻകുടിക്കുന്നതിനും അനുയോജ്യമായ ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഓരോ ഇനം ചിത്രശലഭങ്ങളും ആശ്രയിക്കുന്ന ചെടികൾ മനസിലാക്കിയാണ് നിർമാണം. അരളി, ചെമ്പരത്തി, മുല്ല, അരണ, കൂവളം തുടങ്ങിയ സസ്യജാതികൾ ഇവിടെ നട്ടിട്ടുണ്ട്. നിലവിലെ പാമ്പിൻകൂടിന് സമീപത്തായാണ് ശലഭ പാർക്ക് നിർമ്മിക്കുന്നത്.
മ്യൂസിയത്തിലും മൃഗശാലയിലും കാലപ്പഴക്കം മൂലവും കാറ്റിലും നിലംപൊത്തുന്ന മരങ്ങൾ മൃഗങ്ങളുടെ രൂപങ്ങളും സഞ്ചാരികൾക്കുള്ള സൂചനാബോർഡുകളായും രൂപമാറ്റം വരുത്തുന്ന പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. മ്യൂസിയത്തിന്റെ പ്രവേശനകവാടത്തിലടക്കം പലയിടത്തും ഇവ സ്ഥാപിച്ചുകഴിഞ്ഞു. ജൈവസംസ്കാരത്തിലേക്ക് മടങ്ങുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് പുതിയ തീരുമാനം. മുൻപ് സൂചനാബോർഡുകൾ ഫൈബറിലായിരുന്നു ചെയ്തിരുന്നത്. പരിസ്ഥിതി സൗഹാർദ്ദമായ രീതിയെന്ന നിലയിലാണ് മരങ്ങൾ പ്രയോജനപ്പെടുത്തുന്നത്. മൃഗങ്ങളുടെ രൂപങ്ങളും മരത്തിൽ നിർമ്മിച്ച് പലയിടങ്ങളിലും തൂക്കിയിട്ടിട്ടുണ്ട്.