തിരുവനന്തപുരം: രാജ്യാന്തര പ്രശസ്തി നേടിയ കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ ശിവനെ (ശിവൻസ് സ്റ്റുഡിയോ) തിരുവനന്തപുരം പ്രസ് ക്ളബ് ആദരിച്ചു. സി. ദിവാകരൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ശിവന് അർഹതപ്പെട്ട വിധത്തിലുള്ള അംഗീകാരം കേരളം നൽകിയിട്ടുണ്ടോ എന്ന് ആലോചിക്കണമെന്ന് സി. ദിവാകരൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് കേരളം ശിവനോട് കടപ്പെട്ടിരിക്കുന്നു. തലസ്ഥാനത്തെ സാംസ്കാരിക കേന്ദ്രമായിരുന്നു ഒരു കാലഘട്ടത്തിൽ ശിവൻസ് സ്റ്റുഡിയോ. പത്രക്കാരും രാഷ്ട്രീയക്കാരും സിനിമാക്കാരും ഒരുപോലെ സംഗമിക്കുന്ന കേന്ദ്രം. സ്നേഹം കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നു ശിവൻ. അദ്ദേഹത്തിന് ആരോടും പിണക്കമുണ്ടായിരുന്നില്ല. തന്റെ വിവാഹത്തിന് ശേഷം ആദ്യമായി ഫോട്ടോ എടുത്തത് ശിവനാണ്. ഇ.എം.എസിനും നായനാർക്കുമെല്ലാം വളരെ വേണ്ടപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ശിവന് അർഹമായ അംഗീകാരം ലഭ്യമാക്കാൻ താൻ ശ്രമിക്കുമെന്നും ദിവാകരൻ പറഞ്ഞു. ശിവന് പ്രസ്ക്ളബിന്റെ ഉപഹാരം ദിവാകരൻ നൽകി.
ഫോട്ടോഗ്രഫിക്ക് സൗന്ദര്യാത്മകതയും വൈകാരികതയും ഉണ്ടെന്ന് കാട്ടിത്തന്ന ഫോട്ടോഗ്രാഫറായിരുന്നു ശിവനെന്ന് സംവിധായകൻ ഷാജി എൻ. കരുൺ അഭിപ്രായപ്പെട്ടു.കാലത്തിൽ കൊത്തിവയ്ക്കുന്ന കലയാണ് ഫോട്ടോഗ്രഫി. എന്ത് കാണണമെന്നും കാണാതിരിക്കണമെന്നും അദ്ദേഹം നമുക്ക് കാട്ടിത്തന്നു. പലതും വേണ്ടെന്ന് വയ്ക്കുമ്പോഴാണ് കാലത്തെ അടയാളപ്പെടുത്തുന്ന വിഗ്രഹമായി മാറുന്നത്. ചരിത്രമായി മാറിയ ചെമ്മീൻ സിനിമയുടെ വിഖ്യാതമായ പോസ്റ്റർ ശിവൻ എടുത്ത ചിത്രത്തിൽ നിന്നാണെന്നും ഷാജി അനുസ്മരിച്ചു.
ശിവൻ ഒരുകാലഘട്ടത്തിൽ തലസ്ഥാനത്തെ സാംസ്കാരിക അംബാസഡറും ശിവൻസ് സ്റ്രുഡിയോ സാസ്കാരിക നിലയവുമായിരുന്നുവെന്ന് കവി പ്രഭാവർമ്മ പറഞ്ഞു. കണ്ണുകൊണ്ടും മനസുകൊണ്ടുമാണ് അദ്ദേഹം ചിത്രങ്ങളെടുത്തിരുന്നത്. കറുപ്പും വെളുപ്പും വേർതിരിച്ച് എടുക്കാനുള്ള അസാധാരണ പ്രതിഭ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പല വാർത്തകളും അന്ന് ജനങ്ങളിലേക്ക് എത്തിയിരുന്നത് ശിവൻസ് സ്റ്റുഡിയോയ്ക്ക് മുന്നിലെ വലിയ ബോർഡിലൂടെയായിരുന്നുവെന്നും പ്രഭാവർമ്മ അനുസ്മരിച്ചു.
എസ്.എസ്. റാം ഫൗണ്ടേഷനു വേണ്ടി ചെയർമാൻ സി. രതീഷ് കുമാർ പൊന്നാട ചാർത്തി ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എം.ജി. രാധാകൃഷ്ണൻ, കെ. പ്രഭാകരൻ, മലയിൻകീഴ് ഗോപാലകൃഷ്ണൻ, എസ്.ആർ. ശക്തിധരൻ, പി.പി. ജയിംസ്, ബി. ജയചന്ദ്രൻ, വി.എസ്. രാജേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. രാധാകൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സാബ്ളൂ തോമസ് നന്ദിയും പറഞ്ഞു.
ഓർമ്മകളിൽ വിതുമ്പി ശിവൻ
തിരുവനന്തപുരം: സുഹൃത്തുക്കളും മിത്രങ്ങളും ചൊരിഞ്ഞ പ്രശംസാവാക്കുകൾക്കും ആദരത്തിനും മറുപടി പറയവെ, പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ തന്റെ ഓർമ്മകളിൽ വിതുമ്പി. പ്രസ് ക്ളബിന്റെ ആഭിമുഖ്യത്തിലാണ് ഇന്നലെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
60 വർഷത്തെ അദ്ധ്വാനത്തിന്റെ കഥയാണ് തനിക്ക് പറയാനുള്ളതെന്ന് പറഞ്ഞാണ് അദ്ദേഹം മറുപടി പ്രസംഗം തുടങ്ങിയത്.
ആദ്യമായി ഒരു ഡോക്യുമെന്ററി ഫിലിം എടുക്കാൻ വേണ്ടി കാമറ ഇറക്കുമതി ചെയ്യാൻ നടത്തിയ ശ്രമവും അദ്ദേഹം വിശദമാക്കി. തന്റെ നീക്കം തീർത്തും ഭ്രാന്താണെന്ന് വരെ ചിലർ പറഞ്ഞു. പക്ഷേ കാമറ വാങ്ങണമെന്നത് വാശിയായിരുന്നു. അതിന് ലൈസൻസിന് വേണ്ടി അപേക്ഷ നൽകിയപ്പോൾ സഹായിച്ചത് മുൻ പ്രധാനമന്ത്രി സാക്ഷാൽ ഇന്ദിരാ ഗാന്ധിയാണ് . അന്ന് എം.പിയായിരുന്ന സി. അച്ചുതമേനോനും വലിയ സഹായം നൽകി. 'അദ്ധ്വാനിക്കാത്ത ഒരു ദിവസവുമുണ്ടായിരുന്നില്ല. അർപ്പണമനോഭാവവും അതിന് കിട്ടിയ റിസൾട്ടുമാണ് തനിക്ക് സ്വീകാര്യത നൽകിയത്' ഇത്രയും പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞു, മിഴികൾ നനഞ്ഞു.