തിരുവനന്തപുരം: ഓണമിങ്ങ് എത്തും മുമ്പെ വന്നു മഴ! ഇന്നലെ അത്തമാണെന്ന് ന്യൂജെൻ പിള്ളേരൊക്കെ അറിഞ്ഞതു തന്നെ രാവിലെ മുറ്റത്ത് വന്നു വീണ പത്രത്തിലെ ഒന്നാം പേജ് കണ്ടപ്പോഴായിരുന്നു. അപ്പോ തന്നെ പോയി കുത്തിയിരുന്ന് പറ്റിയൊരു സ്റ്റാറ്റസ് എടുത്തങ്ങ് തട്ടി വിട്ടു. എന്നിട്ട് വാട്സ് ആപ്പ് സ്റ്റാറ്റസ് പേജിലേക്ക് ഓടിച്ചു നോക്കിയപ്പോൾ മിക്കവരും അത്തപ്പൂക്കളത്തിന്റെ നടുവിൽ കൂളിംഗ് ഗ്ലാസും വച്ചിരിക്കുന്ന കിടുക്കാച്ചി പടങ്ങൾ. ഇതൊക്കെ എപ്പം ഇവന്മാര് അറിഞ്ഞ് എന്ന മട്ടിൽ കൂളിംഗ് ഗ്ലാസ് വച്ച സ്മൈലി കമന്റായി തള്ളിയ ശേഷം പിള്ളേരൊക്കെ കോളേജിലേക്കു വണ്ടി കയറാൻ പോയി.
സ്വന്തം മക്കളുടെ ഈ ടൈപ്പ് 'അത്തമിടീൽ" കാണുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കുന്ന അവരുടെ അപ്പന്റെയും അമ്മയുടെയും ഫ്ളാഷ്ബാക്കിലുണ്ടാകും ഓണത്തനിമയുള്ള ഒന്നാന്തരം അത്തപ്പൂക്കളം. വെളുപ്പാൻ കാലത്ത് എണീറ്റ് പൂവട്ടിയുമായി ഓട്ടം. പൂപിടിച്ചു കിടക്കുന്ന ചില മേടുകളുണ്ടാകും അന്ന് എല്ലാ നാട്ടിലും. പോരാത്തതിന് വീടുകളുടെ മുറ്റത്തും കാണും നിറയെ പൂച്ചെടികൾ. പൂ പറിക്കാൻ പാടില്ലെന്നു വിലക്കുന്നവരുടെ വീട്ടിൽ നിന്നു രാത്രി പൂ അടിച്ചു മാറ്റും. എന്നിട്ട് അത്തമൊരുക്കും. പണ്ടൊക്കെ വീട്ടിൽ പിന്നെപ്പിന്നെ നാട്ടിൽ പൊതു സ്ഥലത്ത്. ഇപ്പോഴോ? ഇന്ന് പൂവുള്ള മേടുകളില്ല. പൂക്കളമൊരുക്കുന്ന മുറ്റങ്ങളുമില്ല. പൂ പറിക്കാൻ പിള്ളേരെയും കാണാനില്ല. പൂവ് തന്നെയില്ല! കുറച്ചുകാലം മുമ്പുവരെ അത്തപ്പൂക്കളമൊരുക്കൽ മത്സരം ചില ക്ലബുകളൊക്കെ നടത്തുമായിരുന്നു. ഇപ്പോൾ അതിനുമില്ല ആർക്കും നേരം.
ക്ലബുകളിൽ ഇപ്പോഴുമുണ്ട് ഓണാഘോഷം അത് തിരുവോണമോ മറ്റേതെങ്കിലും ദിവസമോ ആകും. അന്നേരം ഒരു ഡിസൈനിട്ട് അത്തപ്പൂക്കളമൊരുക്കും. പൂവാങ്ങാനായിട്ട് ചാലയിലേക്കു പോകും. ചാലയിലെ വ്യാപാരികൾക്കും ഇപ്പോൾ വലിയ പ്രതീക്ഷയൊന്നും ഇല്ല. നഗരത്തിലെ കോളേജുകളിലും സ്കൂളുകളിലുമൊക്കെ ഓണാഘോഷം നടക്കുന്ന ദിവസമായിരിക്കും അത്തപ്പൂവിനെന്നും പറഞ്ഞ് ആരെങ്കിലും പൂക്കൾ വാങ്ങാനെത്തുന്നത്. പൂവിന് വില കൂടുതലാണെന്നു പറഞ്ഞ്. ഉപ്പുകൊണ്ടും കളർപൊടികൊണ്ടുമൊക്കെ അഡ്ജസ്റ്റ് ചെയ്യുന്നവരും ഉണ്ട്. എന്തായാലും അത്തം പിറന്നത് മാസം രണ്ടാം തീയതിയിലാണ്. എല്ലാവർക്കും ശമ്പളം കിട്ടുന്ന ദിവസങ്ങളാണ്. അതോടെ ഷോപ്പിംഗ് തുടങ്ങാം. ഓണം എന്നു വച്ചാൽ ഷോപ്പിംഗും കൂടിയാണല്ലോ. സബ്സിഡി, വിലക്കിഴിവ്, രണ്ടെടുത്താൽ ഒന്നു ഫ്രീ അങ്ങനെ എന്തെല്ലാം ഓഫറുകളാണ്. പോരാത്തതിന് കടയ്ക്കു മുന്നിലെല്ലാം മാവേലിയുമുണ്ട്. അത്തം കറുത്തത് കണ്ട് മൈന്റ് കറുക്കേണ്ട കാര്യമില്ല. അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് ചൊല്ല്. അന്ന് മഴ പെയ്താൽ പഴഞ്ചൊല്ലിൽ പതിരുണ്ട് എന്ന് സമ്മതിച്ചാൽ മതിയല്ലോ!